മഞ്ചേരി നഗരം വീണ്ടും ഇരുട്ടില്‍

Posted on: August 20, 2016 11:53 am | Last updated: August 20, 2016 at 11:53 am
SHARE

മഞ്ചേരി: ഹൈമാസ്റ്റ് വിളക്കുകള്‍ തകരാറിലായതോടെ മഞ്ചേരി നഗരം വീണ്ടും ഇരുട്ടിലായി. സി എച്ച് ബൈപ്പാസ്, ജസീല ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച വിളക്കുകളാണ് തെളിയാത്തത്. ചിലത് കത്തുന്നുണ്ടെങ്കിലും ചെറിയ വെളിച്ചം മാത്രമാണുള്ളത്. ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് തകരാറിലായത്. തുടക്കം മുതല്‍ തന്നെ വെളിച്ചക്കുറവെന്ന് പരാതിയുയര്‍ന്നിരുന്നു. തെരുവ് വിളക്കുകളും പലയിടത്തും കത്താത്ത അവസ്ഥയാണ്.
കോഴിക്കോട് റോഡ്, ബൈപ്പാസുകള്‍, കച്ചേരിപ്പടി എന്നിവിടങ്ങളില്‍ രാത്രിയായാല്‍ കൂരിരുട്ടാണ്. ഉള്‍പ്രദേശങ്ങളിലെ റോഡുകളുടെ കാര്യവും ദയനീയമാണ്. തെരുവ് നായകളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യവും കൂടുതലാണ്.
നഗര സിരാ കേന്ദ്രത്തിലെ സീതിഹാജി ബസ് സ്റ്റാന്‍ഡ് പരിസരം വഴിവിളക്കു പോലും കത്തിക്കാതെ അക്രമികള്‍ക്ക് സൗകര്യമൊരുക്കുന്ന സ്ഥിതിയാണ്. മാസങ്ങളായി ബസ് സ്റ്റാന്‍ഡിന് മുന്‍ ഭാഗത്തെ വഴിവിളക്കുകള്‍ തെളിയാറില്ല. അതു കാരണം എയ്ഡ്‌പോസ്റ്റും പരിസരവും സദാ ഇരുട്ടിലാണ്. സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ് ആകെയുള്ള ആശ്രയം. രാത്രി ഏഴ് മണി കഴിഞ്ഞാല്‍ ഇവിടെ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകാറില്ല. കുറെക്കാലം രാത്രിയില്‍ പതിവായി പോലീസ് ബസ് ഇവിടെ നിര്‍ത്തിയിടാറുണ്ടായിരുന്നെങ്കിലും ഈയിടെയായി അതും കാണാനില്ല. രാത്രിയില്‍ പലപ്പോഴും ഏറെ നേരം ബസ് കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഇരുട്ടില്‍ ബസ് കാത്തു നില്‍ക്കേണ്ടി വരുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്നു. പോക്കറ്റടിക്കും പിടിച്ചു പറിക്കും ഇരകളാകുന്നവര്‍ പലരും യാത്ര മുടങ്ങുമെന്നതിനാല്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല.
ഇക്കാര്യത്തില്‍ പോലീസിന്റെ അലംഭാവം തുടരാന്‍ ഇതൊരു കാരണമാകുന്നു. ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്ക് പോലീസുകാരെ നിയോഗിക്കണമെന്നും വെളിച്ചത്തിന് സംവിധാനമേര്‍പ്പെടുത്തണമെന്നുമാണ് നഗരവാസികളുടെ ആവശ്യം. കച്ചേരിപ്പടി ഇന്ദിരാ ഗാന്ധി ബസ് ടെര്‍മിനലില്‍ പോലീസ് എയ്ഡ് പോസ്റ്റിന്റെ അഭാവം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. പോലീസ് എയ്ഡ് പോസ്റ്റിനായി വിട്ടുനല്‍കിയ മുറി ഫയര്‍ സ്റ്റേഷന് നല്‍കിയതാണ് വിനയായത്.