Connect with us

National

കാശ്മീരിലെ പെല്ലറ്റ് പ്രയോഗത്തെ ന്യായീകരിച്ച് സി ആര്‍ പി എഫ്

Published

|

Last Updated

ജമ്മു: മാരകമായ പെല്ലറ്റ് പ്രയോഗത്തെ ന്യായീകരിച്ച് സി ആര്‍ പി എഫ് ജമ്മു- കാശ്മീര്‍ ഹൈക്കോടതിയില്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നുവെങ്കില്‍ വെടിവെപ്പ് നടത്താന്‍ സൈനികര്‍ തയ്യാറാകേണ്ടി വരുമായിരുന്നുവെന്നും ഇത് കൂടുതല്‍ ആള്‍ നാശത്തിന് വഴി വെക്കുമായിരുന്നുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സി ആര്‍ പി എഫ് വ്യക്തമാക്കി.
പ്രശ്‌നം നിയന്ത്രണാതീതമാകുമ്പോള്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചാണ് നിയന്ത്രണം തിരിച്ചു പിടിക്കുന്നത്. അതില്ലെങ്കില്‍ റൈഫിളുകള്‍ ഉപയോഗിക്കുകയെന്ന പോംവഴിയേ മുന്നിലുള്ളൂ- പെല്ലറ്റ് തോക്കുകള്‍ നിരോധിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി ആര്‍ പി എഫ് അവകാശപ്പെടുന്നു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിറകേ താഴ്‌വരയില്‍ അരങ്ങേറുന്ന പ്രക്ഷോഭത്തിനിടെ മാരകമായ തോതിലാണ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത്. നിരവധി പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയ പെല്ലറ്റ് പ്രയോഗം നിര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടും സി ആര്‍ പി എഫ് ചെവികൊണ്ടിട്ടില്ല. 2010 മുതലാണ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും കലാപം നിയന്ത്രിക്കാന്‍ സ്വീകാര്യമായ ആയുധമാണ് അതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത്തരം ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എല്ലാ സാഹചര്യങ്ങളിലും പ്രയോഗത്തിലാക്കാനാകില്ലെന്ന ഗുരുതരമായ പ്രസ്താവവും സത്യവാങ്മൂലത്തില്‍ ഉണ്ട്. അരക്ക് താഴെ മാത്രമേ പെല്ലറ്റുകള്‍ പതിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ അക്രമാസക്തരായ ജനക്കൂട്ടം നിരന്തരം ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ അരക്ക് താഴെ നോക്കി കാഞ്ചി വലിക്കുകയെന്നത് ബുദ്ധിമുട്ടാണ്. സംഘര്‍ഷം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ ചട്ടങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വന്നേക്കാമെന്നാണ് സത്യവാങ്മൂലത്തില്‍ സി ആര്‍ പി എഫ് പറയുന്നത്. ജൂലൈ ഒന്‍പത് മുതല്‍ ഈ മാസം 11 വരെ 3500 പെല്ലറ്റ് കാട്രിഡ്ജുകള്‍ ഉപയോഗിച്ചുവെന്നാണ് അര്‍ധ സൈനിക വിഭാഗം വ്യക്തമാക്കുന്നത്.
കാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചത്. സി ആര്‍ പി എഫിനും ബി എസ് എഫിനും സംസ്ഥാന സര്‍ക്കാറിനുമാണ് ഹൈക്കടതി പ്രതികരണമാരാഞ്ഞ് നോട്ടീസ് അയച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹരജിയില്‍ ഇന്ന് കൂടുതല്‍ വാദം കേള്‍ക്കും.

 

---- facebook comment plugin here -----

Latest