ഇസ്‌ലാമിക് ബേങ്കിംഗ് രണ്ട് വര്‍ഷത്തിനകം: ഐസക്ക്‌

Posted on: August 20, 2016 12:12 am | Last updated: August 20, 2016 at 11:14 am
SHARE
കാരന്തൂര്‍ മര്‍കസില്‍ ഡോ. തോമസ് ഐസക്ക് പ്രഭാഷണം നടത്തുന്നു
കാരന്തൂര്‍ മര്‍കസില്‍ ഡോ. തോമസ് ഐസക്ക് പ്രഭാഷണം നടത്തുന്നു

കാരന്തൂര്‍:ഊഹക്കച്ചവടത്തിലൂടെ പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ തുനിഞ്ഞതാണ് 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ നിമിത്തമെന്നും പലിശരഹിതമായ മാര്‍ഗത്തില്‍ വിജയകരമായി നടന്നുവരുന്ന ഇസ്‌ലാമിക ബേങ്കുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ ‘മാന്ദ്യകാലത്തെ സാമ്പത്തിക ചിന്തകള്‍’ എന്ന ശീര്‍ഷകത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാമ്പത്തിക വരുമാനത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഗള്‍ഫില്‍ നിന്നാണ് വരുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗള്‍ഫില്‍ നിന്ന് വരുന്ന പണത്തിന്റെ ഒഴുക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി കുറഞ്ഞിരിക്കുകയാണ്. ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യം കേരളീയ സാമ്പത്തിക ഘടനക്കും വെല്ലുവിളിയാണ്.
ഇസ്‌ലാമിക ബേങ്കുകള്‍ രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ ശ്രമിക്കും. അതിനുള്ള നടപടി ക്രമങ്ങള്‍ നടത്തി വരികയുമാണ്. കേരളത്തിന് ഒരു വര്‍ഷം കടം വാങ്ങാവുന്ന 18000 കോടിയില്‍ 13000 കോടിയും ഗവണ്‍മെന്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിലനില്‍പ്പിന് ആവശ്യമായ അവസ്ഥയാണ്. ബാക്കി പണം കൊണ്ട് വേണം വികസനങ്ങള്‍ നടത്താന്‍. കടക്കെണിയിലാണെങ്കിലും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരള സാമ്പത്തിക രംഗത്തെ ഭദ്രമായ അവസ്ഥയിലെത്തിക്കുമെന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. പ്രഭാഷണ ശേഷം വിദ്യാര്‍ഥികളുമായി സംവദിച്ച മന്ത്രി താന്‍ നടപ്പിലാക്കിയ ആലപ്പുഴ മോഡല്‍ വികസനത്തെ പറ്റിയും മാലിന്യ വിമുക്ത കേരളത്തിന് വിദ്യാര്‍ഥികള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളെപ്പറ്റിയും വിശദീകരിച്ചു.
മര്‍കസിന് കീഴില്‍ പുതുതായി നിര്‍മിക്കുന്ന എം ബി എ കോളേജിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മര്‍കസ് പദ്ധതികള്‍ പരിചയപ്പെടുത്തി സംസാരിച്ചു. പി ടി എ റഹീം എം എല്‍ എ, പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ഡോ. അബ്ദുസ്സലാം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പി സി ഇബ്‌റാഹീം മാസ്റ്റര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here