അര്‍ധരാത്രിയിലെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിന്റെ ആത്മീയതലങ്ങളും

Posted on: August 19, 2016 6:00 am | Last updated: August 19, 2016 at 12:36 am
SHARE

ബ്രിട്ടീഷാധിപത്യത്തില്‍ നിന്നും ഇന്ത്യയുടെ മോചനത്തിനു നേതൃത്വം കൊടുത്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു 2016ല്‍ പ്രായം 131 വയസ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് പ്രായം 69. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു സപ്തതിയായി. മനുഷ്യായുസ്സുമായി തട്ടിച്ചുനോക്കിയാല്‍ സപ്തതി അഥവാ എഴുപതുവര്‍ഷം എന്നത് വാര്‍ധക്യസഹജമായ ജീര്‍ണതയിലേക്കുള്ള കാല്‍വെപ്പാണ്. പക്ഷേ, രാജ്യങ്ങളുടെ പ്രായത്തെ മനുഷ്യരുടെ പ്രായവുമായി താരതമ്യപ്പെടുത്തുന്നത് യുക്തിശൂന്യമാണ്. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട സംസ്‌കാരങ്ങളുടെ വളര്‍ച്ചയെ ആരോഗ്യകരമായി അതിജീവിച്ചവയാണ് ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളും. നമ്മള്‍ ഇന്ത്യക്കാര്‍ എന്തുകൊണ്ട് ഇപ്പോഴേ എഴുപതിന്റെ ജീര്‍ണതകളിലേക്കു തലകുത്തിവീണുപോയി? ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം ഒരുതരം അകാലവാര്‍ധക്യത്തിലേക്കു പതിച്ചിരിക്കുന്നു. ജനാധിപത്യം, മനുഷ്യാവകാശസംരക്ഷണം, സ്ത്രീപുരുഷതുല്യത, ജാതീയമായ ഉച്ചനീചത്വങ്ങള്‍, പ്രാദേശിക അസന്തുലിതാവസ്ഥകള്‍, പാരിസ്ഥിതിക ബോധത്തെ മാനിക്കാതെയുള്ള വികസനഭ്രാന്ത്, ഉപഭോഗാസക്തിയുടെ കൂത്താട്ടം, അധികാരാസക്തിയിലും അഴിമതിയിലും മുങ്ങിത്താണുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കസര്‍ത്തുകള്‍, മതദാര്‍ശനികരംഗത്തു ലോകവ്യാപകമായി വളര്‍ന്നു വരുന്ന വലതുപക്ഷ മൗലികതാവാദം, അധോലോക ലോബികള്‍ ഇവയത്രയും എഴുപതിലേക്കടുക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയശരീരത്തിലെ പൊട്ടി ഒലിക്കുന്ന വ്രണങ്ങളായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. സ്വയം നക്കിത്തുടക്കാനല്ലാതെ ഈ വ്രണങ്ങളുടെ ശാശ്വതമായ സുഖപ്പെടലിനു ക്ഷിപ്രഫലപ്രാപ്തി ഉറപ്പു വരുത്തുന്ന ഔഷധങ്ങളൊന്നും ഇല്ലെന്നതാണ് പരമാര്‍ഥം. ഇവിടെ സ്വാതന്ത്ര്യത്തെ കേവലം രാഷ്ട്രീയമായ അര്‍ഥത്തിലല്ലാതെ അതിന്റെ ദാര്‍ശനിക തലങ്ങളിലേക്കു കൂടി ഇറങ്ങിച്ചെന്നുള്ള ഒരന്വേഷണം പ്രസക്തമാണെന്നു വരുന്നു. സ്വാതന്ത്ര്യം/ ഇന്‍ഡിപ്പെന്റന്‍സ് എന്ന വാക്കിനു രാഷ്ട്രീയം എന്നതു പോലെ ആത്മീയവും ദാര്‍ശനികവുമായ അര്‍ഥതലങ്ങളുണ്ട്. ഡിപ്പന്റെന്‍സ് അല്ലെങ്കില്‍ വിധേയത്വം എന്നത് എല്ലാ ജീവിവര്‍ഗങ്ങളുടെ നൈസര്‍ഗിക സ്വഭാവമാണ്. ഈ സ്വഭാവത്തെ മറികടന്നുകൊണ്ടു മാത്രമേ പടിപടിയായുള്ള വിധേയത്വനിഷേധവും ഘട്ടംഘട്ടമായി സ്വായത്തമാക്കാന്‍ കഴിയുന്ന ഇന്‍ഡിപ്പെന്‍ഡന്‍സ്/സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്കു ജീവി വംശങ്ങള്‍ക്കു വളരാന്‍ കഴിയൂ. അങ്ങനെ സംഭവിക്കുമ്പോള്‍ മാത്രമേ വ്യക്തികളുടെ സര്‍ഗശേഷി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. അതുവരെയും സ്വന്തം പരിസ്ഥിതികളോട് വിധേയത്വം പുലര്‍ത്തിപ്പോന്ന വ്യക്തി സ്വന്തം പരിസ്ഥിതികളുടെ സൃഷ്ടാവായി മാറുന്നു. എല്ലാ സൃഷ്ടിപ്രക്രിയയും സര്‍ഗാത്മകമായിരിക്കും. അങ്ങനെയല്ലാത്ത കേവലമായ നിര്‍മാണപ്രവര്‍ത്തികള്‍ സൃഷ്ടി എന്ന വിശേഷണത്തിനൊട്ടും തന്നെ അര്‍ഹമല്ല.
സൃഷ്ടിയുടെ മറുവശമാണ് സംഹാരം. സംഹാരം അതില്‍ത്തന്നെ വിനാശകാരിയല്ല. സംഹാരം സംഹാരത്തിനു വേണ്ടി മാത്രമാകുമ്പോള്‍, സംഹാരം സൃഷ്ടിക്കുന്ന ശൂന്യത സൃഷ്ടി കൊണ്ട് നികത്തപ്പെടാതെ വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഉത്ക്കണ്ഠാജനകമാകുന്നു. സമകാലിക ആഗോളരാഷ്ട്രീയ ഗതിമാറ്റങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഈ ഉത്ക്കണ്ഠ വര്‍ധിക്കുന്നു. ഇതുവരെയും ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടായിരുന്ന ലോകരാഷ്ട്രീയം കൂടുതല്‍ വലത്തോട്ട് ചാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇടതുപക്ഷം ഹൃദയപക്ഷമായിരുന്നെങ്കില്‍ വലതുപക്ഷം ആമാശയപക്ഷമാണെന്നായിരുന്നു പൊതുധാരണ. ആഗോളരാഷ്ട്രീയം ഹൃദയപക്ഷത്തെയും മസ്തിക്ക പക്ഷത്തെയും ഒക്കെ കൈവെടിഞ്ഞ് ആമാശയപക്ഷത്തേക്കു സങ്കോചിക്കുകയാണ്. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് യേശു സാത്താനു നല്‍കിയ പ്രത്യുത്തരം അസാധുവാക്കപ്പെടുകയാണ്. അപ്പത്തിനുവേണ്ടി എന്തതിക്രമവും ആകാം എന്ന നിലയിലേക്കു ലോകം സങ്കോചിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിട്ടുപോകാനുള്ള ബ്രട്ടീഷ് ഭൂരിപക്ഷത്തിന്റെ തീരുമാനം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണരംഗത്ത് ഡോണാള്‍ഡ്ട്രംമ്പിനെപ്പോലുള്ള ഒരു തീവ്രവലതുപക്ഷക്കാരന്‍ മേല്‍ക്കൈ നേടുന്നതായുള്ള പ്രചരണം, നേരത്തെ സംഭവിച്ചു കഴിഞ്ഞ സോവിയറ്റ് സ്വപ്‌നങ്ങളുടെ ശിഥിലീകരണം, കമ്യൂണിസ്റ്റ് ചൈനയുടെ വലതുപക്ഷത്തേക്കുള്ള ചായ്‌വ്, സമാധാനം എന്നര്‍ഥമുള്ള ഇസ്‌ലാമിന്റെ പേരില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇസില്‍ ഭീകരന്മാര്‍ നടത്തി വരുന്ന മനുഷ്യത്വരഹിതമായ അക്രമപ്രവര്‍ത്തികള്‍, തത്ഫലമായുളവായ അതീവസങ്കീര്‍ണമായ അഭയാര്‍ഥി പ്രവാഹം, ഇന്ത്യയില്‍ നരേന്ദ്ര മോദിയെ മുന്നില്‍ നിറുത്തിക്കൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ ജനകീയാഭിപ്രയങ്ങള്‍ക്കു മേല്‍ നടത്തുന്ന യുക്തിശൂന്യമായ അട്ടിമറി ഇതെല്ലാം സൂചിപ്പിക്കുന്നത് ലോകം അത്യന്തം അപകടകരമായ ഒരു വലതുപക്ഷ വേലിയേറ്റത്തിനു വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. ഇതിനെതിരെ എങ്ങനെ സമര്‍ഥമായൊരു പ്രതിരോധനിര വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും എന്നതാണ് ഇന്നു മനുഷ്യസ്‌നേഹികള്‍ക്കു മുന്നിലുള്ള മുഖ്യചിന്താവിഷയം.
വ്യക്തിപരമായ സന്തോഷാന്വേഷണങ്ങളും അവകാശാനുഭവങ്ങളും എന്ന തലത്തിലാണ് സാധാരണ സ്വാതന്ത്ര്യസങ്കല്‍പത്തെ വ്യവഹരിക്കാറുള്ളത്. എന്തും ചെയ്യാനുള്ള വ്യക്തിയുടെ അവകാശം എന്ന വളരെ ലളിതമായ നിര്‍വചനത്തില്‍ സ്വാതന്ത്ര്യസങ്കല്‍പത്തെ പരിമിതപ്പെടുത്തുകയാണ് നമ്മുടെ പതിവ്. ഭരണകൂടമുള്‍പ്പെടെയുള്ള മുതലാളിത്ത സ്ഥാപനങ്ങളുടെ ചെയ്തികളെ നീതീകരിക്കുന്നതിനു ഈ സങ്കല്‍പം പ്രയോജനപ്പെടാറുണ്ട്. ഈ വികലസങ്കല്‍പത്തെ ന്യായീകരിക്കത്തക്ക തരത്തിലാണ് ഈ വിഷയത്തെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സ്വതന്ത്ര്യത്തിന്റെ ആത്മീയതലത്തെക്കുറിച്ചൊരന്വേഷണം പ്രസക്തമാകുന്നത്. മതത്തിന്റെ സംഘടനാരൂപങ്ങളെ നിഷേധിക്കുമ്പോള്‍ തന്നെ മതപരമായ അടിസ്ഥാനത്തില്‍ വളര്‍ന്നു വന്നിട്ടുള്ള ചില മൂല്യസങ്കല്‍പങ്ങളെ സ്വാംശീകരിക്കാതെ ഒരു മതേതരസമൂഹത്തിനും മുന്നോട്ടുപോകാനാകില്ലെന്നതാണ് സത്യം.
മര്‍ഡര്‍ ഇന്‍ ദി കത്തീഡ്രല്‍ (ഭദ്രാസനപ്പള്ളിയിലെ കൊലപാതകം) എന്ന തന്റെ പ്രസിദ്ധമായ നാടകത്തില്‍ ടി എസ് എലിയട്ട് സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു സവിശേഷസങ്കല്‍പം ആവിഷ്‌കരിച്ചിട്ടുണ്ട്. നാടകത്തിലെ മുഖ്യകഥാപാത്രമായ ആര്‍ച്ചുബിഷപ്പ് തോമസ് 1170 ലെ ക്രിസ്മസ് പ്രഭാതത്തില്‍ തന്റെ പള്ളിയില്‍ ആരാധനക്കെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു:”’സമാധാനത്തെക്കുറിച്ച് ക്രിസ്തു എന്താണ് പറഞ്ഞതെന്ന് ആലോചിക്കുക. അവന്‍ തന്റെ ശിഷ്യന്മാരോട് പറഞ്ഞു എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നമ്മള്‍ ധരിച്ചു വച്ചിരിക്കുന്ന അര്‍ഥമാണോ സമാധാനം എന്ന വാക്കിന് ക്രിസ്തു ഇവിടെ നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും അല്ല. സമാധാനത്തിനു നമ്മളെന്ത് അര്‍ഥമാണ് കല്‍പിച്ചിരിക്കുന്നത്? ഇംഗ്ലണ്ട് അയല്‍രാജ്യങ്ങളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നു. ഇംഗ്ലണ്ടിലെ പ്രഭുക്കന്മാര്‍ രാജാവിനോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നു. തന്റെ ലാഭങ്ങളെക്കുറിച്ച് സമാധാനപൂര്‍വം കണക്കുകൂട്ടല്‍ നടത്തുന്ന വ്യാപാരി സുഹൃത്തിനു വേണ്ടി തന്റെ തീന്‍മേശയില്‍ മേല്‍ത്തരം വീഞ്ഞ് ഒരുക്കിവെച്ച് കാത്തിരിക്കുന്ന ഗൃഹനാഥന്‍, കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഗൃഹനായിക ഇതൊക്കെയല്ലേ നമ്മുടെ സങ്കല്‍പത്തിലെ സമാധാനചിത്രങ്ങള്‍. എന്നാല്‍ എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഇത്തരം ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നോര്‍ക്കണം. യേശുവിനോ അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ആര്‍ക്കെങ്കിലുമൊ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നോര്‍ക്കണം. അവര്‍ കടലും കരയും താണ്ടി അലഞ്ഞു നടന്നു, പീഡനങ്ങളും ദാരിദ്ര്യവും സഹിച്ചു, തടവിലാക്കപ്പെട്ടു, നിരാശയനുഭവിച്ചു. ഇതൊക്കെയായിരുന്നു ക്രിസ്തു വാഗ്ദാനം ചെയ്ത സമാധാനം. സമാധാനത്തിനോ സ്വാതന്ത്ര്യത്തിനൊ നമ്മള്‍ നല്‍കിയിരുന്ന അര്‍ഥമല്ല യേശു നല്‍കിയിരുന്നത്. അദ്ദേഹം പറഞ്ഞു ലോകം തരുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്. അദ്ദേഹം തന്റെ ശിഷ്യന്മാര്‍ക്കു സമാധാനം കൊടുത്തു. പക്ഷേ അത് ലോകം നല്‍കുന്ന സമാധാനമായിരുന്നില്ല.”’ (വിവര്‍ത്തനം- ലേഖകന്‍).
ടി എസ് എലിയട്ട് ഈ ഭാഗത്ത് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സമാധാനം എന്ന ആശയമാണ്. പോരാട്ടത്തിന്റെ മധ്യത്തിലുള്ള സ്വാതന്ത്ര്യം. അതായിരുന്നു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആദ്യകാല ക്രൈസ്തവസങ്കല്‍പം. ഏറ്റുമുട്ടലുകളില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന സ്വാതന്ത്ര്യം എന്ന് ഭഗവദ്ഗീതയില്‍ വിവരിച്ചിരിക്കുന്ന ആശയം ഇതിനോട് സമാനമായതാണ്. കേവലം ലൗകിക അര്‍ഥത്തിലുള്ള ശാന്തിയും സമാധാനവും അല്ല ഇത്. സ്വാതന്ത്ര്യത്തിനു ഭൗതികവും ആത്മീയവുമായ രണ്ട് തലങ്ങള്‍ ഉണ്ടെന്നു വരുന്നു. ലോക്കെ, വോള്‍ട്ടയര്‍, ആഡംസ്മിത്ത് തുടങ്ങിയ മതനിരപേക്ഷ ചിന്തകന്മാരുടെ സ്വാതന്ത്ര്യസങ്കല്‍പങ്ങള്‍ക്കു പോലും കൂടുതല്‍ അടുപ്പമുള്ളത് സ്വാതന്ത്ര്യത്തിന്റെ ഈ ആത്മീയ തലത്തോടാണ്. ഈ വീക്ഷണപ്രകാരം സ്വന്തം സുഖദുഃഖങ്ങളെക്കാളും ഇഷ്ടാനിഷടങ്ങളെക്കാളും മനുഷ്യര്‍ക്കന്യോന്യമുള്ള കടപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയും വ്യക്തിപരമായ അവകാശങ്ങളെക്കാള്‍ വ്യക്തിപരമായ ബാധ്യതകള്‍ക്കു പ്രാധാന്യം നല്‍കുകയും ചെയ്യുന്ന ജീവിതശൈലിയിലാണ് സ്വാതന്ത്ര്യത്തിന്റെ ആത്മീയതലം പ്രകടമാകുന്നത്.
ആത്മത്യാഗവും പരസ്പര ബാധ്യതയും എന്ന തത്വങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഉദാത്തമായ ഈ സ്വാതന്ത്ര്യസങ്കല്‍പം മുതലാളിത്ത സമ്പദ്ക്രമത്തിനു പ്രാമുഖ്യമുള്ള ആധുനികസാമൂഹിക വ്യവസ്ഥയില്‍ തീരെ നിലനില്‍ക്കുന്നതെയില്ലെന്നു പറയാം. പ്രയോഗത്തില്‍ ഇല്ലെങ്കില്‍ പോലും സിദ്ധാന്തങ്ങളിലെങ്കിലും മതങ്ങള്‍ എന്നും ഊന്നല്‍ കൊടുത്തിരുന്നത് സ്വാതന്ത്ര്യത്തിന്റെ ഈ ഉയര്‍ന്ന തലത്തിനാണ്. അന്യര്‍ക്കായുള്ള കരുതല്‍ ആണ് സ്വാതന്ത്ര്യത്തിന്റെ കാതല്‍ എന്ന് ഡയട്രിക്‌ബോണ്‍ഹോഫര്‍ നിര്‍ദേശിക്കുന്നു. സ്വാതന്ത്ര്യം സ്ഥിതി ചെയ്യുന്നത് പരസ്പര ബന്ധത്തില്‍ മാത്രമാണ്. സ്വതന്ത്രനായിരിക്കുക എന്നതിനര്‍ഥം അന്യരുമായുള്ള ബന്ധത്തെ അംഗീകരിക്കുക എന്നതാണ്. അന്യനോടുള്ള എന്റെ ബന്ധമാണ് എന്റെ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡം. (Creation and Fall Temptation Macmillan Newyork 1976- പേജ് 37) 1945ല്‍ ഫ്‌ളേസന്‍ബര്‍ഗിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച് ബോണ്‍ഹോഫര്‍ തൂക്കിലേറ്റപ്പെട്ടത് അന്യര്‍ക്കായുള്ള കരുതല്‍ എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തിയതുകൊണ്ടാണ്.
വ്യക്തിയുടെ സ്വാര്‍ഥതയുടെ ഉദ്ദീപനം എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തിന്റെ ലൗകികാര്‍ഥം മതസിദ്ധാന്തങ്ങള്‍ മാത്രമല്ല മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളും നിരാകരിക്കുന്നു.’ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യസങ്കല്‍പം സ്വന്തം അഹത്തിലേക്കു ഉള്‍വലിഞ്ഞ ഒറ്റപ്പെട്ട ഒരു പ്രാകൃതമനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്‍പമാണ്. ബൂര്‍ഷ്വാസങ്കല്‍പപ്രകാരമുള്ള മനുഷ്യവകാശങ്ങളൊന്നും സ്വാര്‍ഥതയില്‍ അടയിരിക്കുന്ന ഒരു അപരിഷ്‌കൃത മനുഷ്യന്റെ സ്വകാര്യതാത്പര്യങ്ങള്‍ക്കപ്പുറം പോകുന്നില്ല.”യഹൂദപ്രശ്‌നങ്ങളെക്കുറിച്ച്’ എന്ന തന്റെ പ്രബന്ധത്തില്‍ മാര്‍ക്‌സ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:’അവകാശങ്ങള്‍ അനുവദിച്ചു കിട്ടുന്നതുകൊണ്ട് മാത്രം മനുഷ്യന്‍ സ്വതന്ത്രനാകുന്നില്ല. വ്യക്തിതാത്പര്യങ്ങളും സാമൂഹിക താത്പര്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സമന്വയത്തിന്റെ അനന്തരഫലമാണ് സ്വാതന്ത്ര്യം. നമുക്കു ചുറ്റും വളര്‍ന്നു വരുന്ന ഉപഭോഗ സംസ്‌കൃതിയില്‍ നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ അവബോധമാണ്.
സ്വാതന്ത്ര്യത്തിന്റെ ഭൗതികം, ആത്മീകം എന്നീ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇവയുടെ പരസ്പരാശ്രിതത്വവും അന്യോന്യപൂരണവും നമ്മള്‍ക്കു അവഗണിക്കാനാകുകയില്ല. ഒരു പൗരന്റെ ചിന്താസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന ഭരണകൂടം അവന്റെ ഭൗതികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും കൂടി ഏറ്റെടുക്കുന്നില്ലെങ്കില്‍ അത് പ്രതിലോമപരമായിരിക്കും. ആവിഷ്‌കാരസ്വതന്ത്ര്യവും മറ്റും ഒരു ധാര്‍മികസമൂഹത്തിന്റെ സൃഷ്ടിക്കു വഴിയൊരുക്കുന്നതായിരിക്കണം. ജഫേഴ്‌സണ്‍, ലിങ്കണ്‍, തോറോ, വിറ്റ്മാന്‍ തുടങ്ങിയവര്‍ വിഭാവന ചെയ്തിരുന്ന സ്വാതന്ത്ര്യസങ്കല്‍പം ഇതായിരുന്നു. മേല്‍പ്പറഞ്ഞ ലക്ഷ്യത്തിനായി ബോധപൂര്‍വം പ്രവര്‍ത്തിച്ച ക്വാകേഴ്‌സ് (Quackers) മെതേഡിസ്റ്റുകള്‍ (Methodists) തുടങ്ങിയ ക്രൈസ്തവഗ്രൂപ്പുകളുടെ ധാര്‍മികസമീപനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ഭൗതികാര്‍ഥത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് ബഹുദൂരം സഞ്ചരിച്ച അമേരിക്കന്‍ സമൂഹത്തെ സമ്പൂര്‍ണ ജീര്‍ണതയില്‍ നിന്നു തടഞ്ഞു നിറുത്താന്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. കടിഞ്ഞാണില്ലാതെ പ്രയോഗിക്കപ്പെട്ട ചിന്താസ്വാതന്ത്ര്യവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും തെറ്റിനെ ശരിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയൊളിക്കാനും അവസരങ്ങള്‍ ഒരുക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആത്മീയതലത്തിന്റെ പ്രാധാന്യം സിദ്ധാന്തതലത്തിലല്ലാതെ പ്രയോഗതലത്തില്‍ അവഗണിക്കപ്പെടുന്നു. മതസ്ഥാപനങ്ങള്‍ക്കും മതേതരസ്ഥാപനങ്ങള്‍ക്കും ഇവിടെ വീഴ്ച സംഭവിക്കുന്നു എന്നതാണ് പരമാര്‍ഥം. രണ്ടിന്റെയും പ്രയോഗപദ്ധതികളില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന സ്വാതന്ത്ര്യസങ്കല്‍പം അപരിഷ്‌ക്കൃത മനുഷ്യന്റെ സ്വകാര്യതാത്പര്യങ്ങള്‍ക്കപ്പുറം പോകുന്നില്ല. ഈ പിഴവ് തിരുത്താത്തിടത്തോളം കാലം നമ്മുടെ മുന്നോട്ടുള്ള പോക്കു തടസ്സപ്പെടുക തന്നെ ചെയ്യും.
ആത്മീയഘടകങ്ങളാല്‍ പ്രത്യക്ഷമായൊ പരോക്ഷമായൊ നിയന്ത്രിക്കപ്പെടാത്തപക്ഷം സ്വാതന്ത്ര്യത്തിന്റെ ഭൗതികപ്രയോഗങ്ങള്‍ തീര്‍ച്ചയായും അധാര്‍മികതയുടെ മേഖലകളിലേക്കു പടര്‍ന്നു കയറുക തന്നെ ചെയ്യും. കഴിഞ്ഞ ഏതാനും ശതകങ്ങളായി വിവിധനാടുകളില്‍ പ്രയോഗത്തിലിരിക്കുന്ന സ്വാതന്ത്ര്യപ്രയോഗത്തിന്റെ ചരിത്രം ഇതാണ് തെളിയിക്കുന്നത്.
(കെ സി വര്‍ഗീസ് ഫോണ്‍ :9446268581)