സ്വാതന്ത്ര്യദിനം ഖത്വര്‍ സൗഹൃദത്തിന്റെ ആഘോഷം കൂടിയെന്ന് അംബാസിഡര്‍ സഞ്ജീവ് അറോറ

Posted on: August 16, 2016 6:12 pm | Last updated: August 16, 2016 at 8:14 pm

Ambasidorദോഹ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യ- ഖത്വര്‍ സൗഹൃദത്തിന്റെ ആഘോഷംകൂടിയാണെന്ന് ദോഹ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അറോറ. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയോടും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയോടും ഖത്വര്‍ ജനതയോടുമുള്ള ആശംസയും സന്തോഷവും പങ്കുവെക്കുന്നതായും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നടത്തിയ ഇന്ത്യാ സന്ദര്‍ശനവും ഈ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഖത്വര്‍ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയക്ഷി ബന്ധത്തിനും പരസ്പര സഹകരണത്തിനും നവോന്മേഷം പകര്‍ന്നിട്ടുണ്ട്. വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ച അമീറിന്റെ സന്ദര്‍ശനത്തില്‍ ആറ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുകയും ചെയ്തു. പെട്രോകെമിക്കല്‍, വൈദ്യുതി, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സാംസ്‌കാരികം, ആരോഗ്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു കരാറുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് കരാറുകളും ധാരണാ പത്രങ്ങളുമാണ് ഒപ്പുവെച്ചത്. പ്രതിരോധ സുരക്ഷാ സഹകരണം, വ്യാപാര, വാണിജ്യ മേഖലകളിലെ പങ്കാളിത്തം തുടങ്ങി നിരവധി മേഖലകളില്‍ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതായിരുന്നു കരാര്‍. ലോക സമാധാനത്തിനും വികസനത്തിനും ഭീഷണിയാകുന്ന ഭീകരതയെ അപലപിച്ച ഇരു രാജ്യങ്ങളും ഈ ഭീഷണി നേരിടുന്നതിന് യോജിച്ച് പോരാടാന്‍ സന്ദര്‍ശന വേളയില്‍ തീരുമാനമെടുത്തു.
ഇന്ത്യയിലെ വിവിധ പദ്ധതികളില്‍ ഖത്വറിന്റെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങളും സന്ദര്‍ശന വേളയിലുണ്ടായി. പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഖത്വര്‍ സന്ദര്‍ശനം, റാസ് ഗ്യാസും പെട്രോനെറ്റും തമ്മിലുള്ള എല്‍ എന്‍ ജി കരാറൊപ്പിടല്‍, പെട്രോ ഖത്വര്‍ എക്‌സിബിഷനില്‍ 76 ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം, ഇന്ത്യന്‍ നാവിക കപ്പലുകളുടെ ഖത്വര്‍ സന്ദര്‍ശനം തുടങ്ങിയവ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് ഊര്‍ജം പകര്‍ന്നു. ഇരു രാജ്യങ്ങളുമായുള്ള പരസ്പര വ്യാപാരം ഏറ്റവും കൂടിയ കാലം കൂടിയാണിത്. ഇന്ത്യന്‍ നാവികസേന സംഘടിപ്പിച്ച ഡിഫ് എക്‌സ്‌പോ ഇന്ത്യ 2016, ദോഹയില്‍ സംഘടിപ്പിച്ച ഡിംഡെക്‌സ് 2016 ഉള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും സൈനികവിഭാഗങ്ങള്‍ പങ്കാളികളായിരുന്നു. അന്താരാഷ്ട്ര യോഗ ദിനങ്ങളോട് ഖത്വര്‍ ഭരണകൂടം കാണിച്ച സഹകരണം അഭിനന്ദനീയമാണ്. ഖത്വറിലെ ഇന്ത്യക്കാരുടെ വിഷയങ്ങളില്‍ എംബസി സക്രിയമായ ഇടപെടലാണ് നടത്തുന്നത്. ഖത്വറിന്റെ വികസനപ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യന്‍ തൊഴില്‍ സമൂഹത്തോട് ഞങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആതിഥേയ രാജ്യത്തിന്റെ പുരോഗതിക്കൊപ്പം നാടിന്റെ യശസ്സുയര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ഈ വേളയില്‍ ഊഷ്മളമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.