നാദാപുരത്ത് വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം മരിച്ചു

Posted on: August 12, 2016 9:53 pm | Last updated: August 13, 2016 at 11:26 am

aslam

നാദാപുരം: തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി വിട്ടയച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വെള്ളൂര്‍ സ്വദേശി കാളിയ പറമ്പത്ത് അസ്‌ലം (19) ആണ് മരിച്ചത്. ചാലപ്പുറം വെള്ളൂര്‍ റോഡില്‍ വെച്ച് ഇന്നലെ വൈകീട്ട് 5.10 ഓടെയാണ് സംഭവം. സുഹൃത്തായ പുളിയാവ് സ്വദേശി ശാഫിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വടകര താലൂക്കില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
തലക്കും മുഖത്തും വയറിനും കൈപ്പത്തിക്കുമാണ് വെട്ടേറ്റത്. കൈപ്പത്തി അറ്റുതൂങ്ങിയ നിലയിലാണ്. ഗുരുതരമായി പരുക്കേറ്റ അസ്‌ലമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2015 ജനുവരി 22നാണ് ചടയന്‍കണ്ടി ഷിബിന്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ മുഴുവന്‍ പ്രതികളെയും കോഴിക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. കേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്‌ലം.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: കല്ലാച്ചിയില്‍ അബ്ദുല്ല. മാതാവ്: സുബൈദ. സഹോദരങ്ങള്‍: അസ്മത്ത്, അസ്മിന. പ്രദേശത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.