വോളി: ബ്രസീലിന് രണ്ടാം ജയം

Posted on: August 11, 2016 12:02 am | Last updated: August 10, 2016 at 11:50 pm
SHARE
കനേഡിയന്‍ ടീമിന്റെ സ്മാഷ് ബ്രസീല്‍ താരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നു
കനേഡിയന്‍ ടീമിന്റെ സ്മാഷ് ബ്രസീല്‍ താരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നു

റിയോഡിജനീറോ: പുരുഷവോളിയില്‍ ആതിഥേയരായ ബ്രസീലിന് രണ്ടാം ജയം. പൂള്‍ എയില്‍ കാനഡയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ : 24-26, 25-18, 25-22, 25-17.
ആദ്യ സെറ്റ് നഷ്ടമായെങ്കിലും ബ്രസീല്‍ ഗംഭീര തിരിച്ചുവരവ് നടത്തി. ഗ്യാലറിയില്‍ നിന്നുള്ള ആര്‍പ്പുവിളികളായിരുന്നു ഹോംടീമിന് പ്രോത്സാഹനമായത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലിന്റെ തിരിച്ചുവരവിന് മുന്നില്‍ കാനഡ പകച്ചുപോകുന്നകാഴ്ചയായിരുന്നു രണ്ടാം സെറ്റ് മുതല്‍ കണ്ടത്. കഴിഞ്ഞ അഞ്ച് ഒളിമ്പിക്‌സിലും യോഗ്യത നേടാതെ പോയ കാനഡ റിയോയില്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ കളിയില്‍ ലോക അഞ്ചാം റാങ്കുകാരായ യു എസ് എയെ അട്ടിമറിച്ചു. ബ്രസീലിനോടേറ്റ തോല്‍വി പിഴവുകള്‍ ബോധ്യപ്പെടുത്തുന്നതായിരുന്നു. ഫ്രാന്‍സാണ് അടുത്ത എതിരാളി. പൂളില്‍ ആദ്യ മൂന്നില്‍ ഇടം പിടിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിപ്പിക്കാന്‍ കാനഡക്ക് ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ തീരൂ. ആറ് പോയിന്റുമായി ഇറ്റലിയും ബ്രസീലുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. പൂള്‍ ബിയില്‍ പോളണ്ട് 3-2ന് ഇറാനെയും ഈജിപ്ത് 3-0ന് ക്യൂബയെയും തോല്‍പ്പിച്ചു. പൂളില്‍ അര്‍ജന്റീന ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള പോളണ്ട് രണ്ടാംസ്ഥാനത്തുമാണ്. മൂന്ന് പോയിന്റുള്ള റഷ്യയാണ് മൂന്നാംസ്ഥാനത്ത്.