വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍

Posted on: August 11, 2016 6:02 am | Last updated: August 11, 2016 at 9:08 am
 ചാള്‍സ് കോണ്‍വെല്ലിനെതിരെ വികാസ് കൃഷ്ണന്റെ പഞ്ചിംഗ്
ചാള്‍സ് കോണ്‍വെല്ലിനെതിരെ വികാസ് കൃഷ്ണന്റെ പഞ്ചിംഗ്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യക്ക് പ്രതീക്ഷാ നിര്‍ഭര തുടക്കം. 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ ചാള്‍സ് കോണ്‍വെല്ലിനെ 3-0ന് പരാജയപ്പെടുത്തിയാണ് വികാസ് പ്രതീക്ഷ സജീവമാക്കിയത്. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ വികാസ് തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപല്ലിനെ നേരിടും.
പതിനെട്ടുകാരനായ ചാള്‍സ് കോണ്‍വെല്ലിനെതിരെ ആധികാരികമായിരുന്നു മുന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ വികാസിന്റെ വിജയം. ആദ്യ റൗണ്ടില്‍ വികാസിന് കാര്യമായ ചെറുത്തുനില്‍പ്പുണ്ടായില്ല. ആദ്യ മൂന്ന് മിനുട്ടുകളില്‍ അപ്പര്‍ കട്ടുകളിലൂടെ മുന്നേറിയ വികാസ് എതിരാളിയെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തി.
രണ്ടാം റൗണ്ടില്‍ വികാസ് ആക്രമണം ശക്തമാക്കി. ആദ്യ രണ്ട് റൗണ്ടിലും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ കോണ്‍വെല്‍ മൂന്നാം റൗണ്ടില്‍ ആക്രമണത്തിന് മുതിര്‍ന്നു. ഇത് സമര്‍ഥമായി പ്രതിരോധിച്ചുനിന്ന വികാസ് കൗണ്ടര്‍ പഞ്ചുകളിലൂടെ മുന്നേറി വിജയം പിടിച്ചെടുത്തു.
കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ റൗണ്ടില്‍ തന്നെ വികാസ് തെറ്റായ തീരുമാനത്തിലൂടെ പുറത്തായിരുന്നു. അന്നും അമേരിക്കന്‍ എതിരാളിക്കെതിരെയായിരുന്നു വികാസിന്റെ മത്സരം. 2014 ഏഷ്യന്‍ ഗെയിംസിലും 2015 ദോഹ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റിലും ഹരിയാനയിലെ ഭീവണ്ടിക്കാരനായ വികാസ് വെങ്കലം നേടിയിട്ടുണ്ട്.
ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും സ്വന്തമാക്കി.