ബി ജെ പി കൗണ്‍സിലറുടെ ഓഫീസിന് അജ്ഞാതര്‍ തീവെച്ചതായി പരാതി

Posted on: August 9, 2016 11:44 am | Last updated: August 9, 2016 at 11:44 am

കോഴിക്കോട്: കോര്‍പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍ (69-ാം വാര്‍ഡ് ) നവ്യ ഹരിദാസിന്റെ ഓഫീസ് അജ്ഞാതര്‍ തീവെച്ചതായി പരാതി. ഇന്നലെ പുലര്‍ച്ചയോടെയാണ് കാരപ്പറമ്പ് നെല്ലിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിന് തീയിട്ടത്. ഓഫീസ് ഭാഗീകമായി കത്തി നശിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഇതുവഴി വന്ന നാട്ടുകാരാണ് ഓഫീസിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന സംഘം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും ഓഫീസിലുണ്ടായിരുന്ന എല്‍ ഇ ഡി ടിവിയും നശിപ്പിച്ചിട്ടുണ്ട്. പുറത്തുള്ള ഓഫീസ് ബോര്‍ഡും കാണാനില്ല. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രേഖകളും മറ്റുമാണ് ഇവിടെ സൂക്ഷിക്കുന്നതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 31നായിരുന്നു ഓഫീസ് ഉദ്ഘാടനം ചെയ്തത്. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഓഫീസിന്റെ പ്രവര്‍ത്തന സമയം. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.