മാണിയുടെ വഴി

Posted on: August 8, 2016 6:00 am | Last updated: August 7, 2016 at 11:13 pm
SHARE

മൂന്ന് പതിറ്റാണ്ട് നീണ്ട യു ഡി എഫ് ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ചുവെന്നാണ് കേരള കോണ്‍ഗ്രസ് മേധാവി കെ എം മാണി പ്രഖ്യാപിച്ചിരിക്കുന്നത്. ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി സംസ്ഥാന ക്യാമ്പില്‍ ചരിത്രപരമായ എന്തോ നടക്കാന്‍ പോകുന്നുവെന്ന് മാണിയും കൂട്ടരും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചരിപ്പിച്ചിരുന്നു. പക്ഷേ, സമ്മര്‍ദ തന്ത്രമായി മാത്രമാണ് ആ പ്രസ്താവനകളെ നല്ലൊരു ശതമാനം നിരീക്ഷകരും കണ്ടിരുന്നത്. അത്തരമൊരു നിഗമനത്തില്‍ എത്താവുന്ന പശ്ചാത്തല വസ്തുതകള്‍ എമ്പാടുമുണ്ടായിരുന്നുവല്ലോ. ഏറ്റവും പ്രധാനപ്പെട്ടത് ബാര്‍ കോഴക്കേസ് തന്നെയാണ്. ബജറ്റില്‍ നല്‍കിയ ഇളവുകളും ചില നിര്‍ദേശങ്ങളും പുതിയ കേസുകള്‍ക്ക് വഴി വെക്കുമെന്ന നിലയുമുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ അഴിമതിവിരുദ്ധ സമീപനം ശക്തമായി തുടരുകയും ജേക്കബ് തോമസിനെപ്പോലെ ഒരാള്‍ വിജിലന്‍സിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്യുമ്പോള്‍ മാണിക്ക് കാര്യങ്ങള്‍ ഇത്തിരി കടുപ്പമാകുമെന്ന് നിരീക്ഷകരെല്ലാം ചൂണ്ടിക്കാട്ടുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ശക്തമായ പിന്തുണ നേടിയെടുക്കാനോ അവിടെ അനൈക്യം സൃഷ്ടിച്ച് ഭരണപക്ഷത്തെ പ്രസാദിക്കാനോ ഉള്ള തന്ത്രമായി തന്നെയാണ് മാണിയുടെ നീക്കങ്ങള്‍ വിലയിരുത്തപ്പെട്ടത്. ബി ജെ പിയുമായി അടുക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു.
ഏറ്റവും ഒടുവില്‍ ചില കാര്യങ്ങള്‍ വ്യക്തമായി പറയാനും നിലപാടെടുക്കാനും മാണി തയ്യാറായിരിക്കുന്നു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സൂചിപ്പിച്ചതു പോലെ ഇനിയും അനുനയ നാടകങ്ങള്‍ ഉണ്ടായേക്കാം. അവിടെ മറ്റൊരു ക്ലൈമാക്‌സ് ഉണ്ടാകുകയും ചെയ്‌തേക്കാം. പക്ഷേ, ഇപ്പോള്‍ മുന്നിലുള്ളത് യു ഡി എഫ് ബന്ധം ഉപേക്ഷിച്ച മാണിയാണ്. നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായി പാര്‍ട്ടി നിലനില്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന യു ഡി എഫ് ബന്ധത്തില്‍ പാര്‍ട്ടി മാറ്റം വരുത്തില്ല. ദേശീയ തലത്തില്‍ യു പി എ മുന്നണിക്ക് പ്രശ്‌നാധിഷ്ടിത പിന്തുണ നല്‍കുമെന്നും മാണി പറയുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെയും ചെയര്‍മാനെയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളും നേതാക്കളും ശ്രമിച്ചുവെന്നും ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം തുറന്നടിക്കുന്നു.
കേരളാ കോണ്‍ഗ്രസുകളുടെ ചരിത്രം തന്നെ ഭിന്നതകളുടെതും പാലം വലികളുടെതുമാണ്. ഗ്രൂപ്പിസത്തില്‍ നിന്നാണ് അത് രൂപപ്പെടുന്നത് തന്നെ. പി ജെ ജോസഫ് വിഭാഗത്തെയും മറ്റു ചെറു ഗ്രൂപ്പുകളെയും ഒരുമിപ്പിച്ച് കൊള്ളാവുന്ന ശക്തിയിലേക്ക് കേരളാ കോണ്‍ഗ്രസിനെ നയിച്ച മാണി തന്നെയാണ് അത്യന്തം ഗുരുതരമായ ഒരു ദശാസന്ധിയില്‍ ആ പാര്‍ട്ടിയെ കൊണ്ടു ചെന്നെത്തിക്കുന്നത്. തനിക്ക് നേരിട്ട അപമാനം പാര്‍ട്ടിയുടെയാകെ അപമാനമായെന്ന വികാരം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പി ജെ ജോസഫിനെ തത്കാലം കൂടെ നിര്‍ത്താനും സാധിച്ചു. പക്ഷേ ഈ ഘട്ടത്തില്‍ ചില ചോദ്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് നേരിട്ടേ മതിയാകൂ. കോണ്‍ഗ്രസിനൊടൊപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായി എന്ത് പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്? ബാര്‍ കോഴക്കേസില്‍ സാധ്യമായ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലേ? അതിന്റെ നഷ്ടം കോണ്‍ഗ്രസ് കാര്യമായി സഹിച്ചില്ലേ? കേസില്‍ നടത്തിയ തിരിമറികള്‍ എത്ര വലിയ അപഖ്യാതിയാണ് കോണ്‍ഗ്രസിന് ഉണ്ടാക്കിയത്? ബജറ്റിനെ പാലാ ബജറ്റാക്കി അധഃപതിപ്പിച്ചിട്ടും സഹിച്ചില്ലേ? മാണിയെ നിയമസഭയില്‍ സംരക്ഷിക്കാന്‍ നടത്തിയ അതിസാഹസികതകള്‍ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും അപഹാസ്യമായ രംഗങ്ങളല്ലേ ഉത്പാദിപ്പിച്ചത്? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആത്യന്തികമായി എത്തിച്ചേരുക മാണി കാണിക്കുന്നത് രാഷ്ട്രീയ മര്യാദ കേടാണെന്ന വസ്തുതയിലായിരിക്കും. മാണിക്ക് അപമാനം നേരിട്ടുവെങ്കില്‍ അത് വ്യവസ്ഥാപിതമായി ഉന്നയിക്കാമായിരുന്നു. ആരാണ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയതെന്ന് ജനങ്ങളോട് പറയാമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇന്ന് മാണി പറയുന്നതിന് അല്‍പ്പം കൂടി വിശ്വാസ്യതയുണ്ടായേനെ. മുഖ്യമന്ത്രി സ്വപ്‌നങ്ങളിലേക്ക് വീണു പോയ മാണിയുടെ ചിറകരിയാന്‍ കോണ്‍ഗ്രസിനകത്ത് നിന്ന് ഗൂഢ നീക്കങ്ങള്‍ നടന്നുവെന്ന് വാദത്തിന് അംഗീകരിക്കാം. പക്ഷേ അതിന്റെ വിശദാംശങ്ങള്‍ പുറത്ത് വരാത്തിടത്തോളം കാലം ആ വാദത്തിന് കാറ്റുപിടിക്കില്ല.
കേരളാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തീരുമാനം മതേതര ചേരിയെ ദുര്‍ബലമാക്കാനേ ഉപകരിക്കൂ. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനായി ബി ജെ പി ദേശീയ നേതൃത്വം വല്ലാതെ ദാഹിക്കുന്നുണ്ട്. പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ പെട്ടിയിലാക്കാന്‍ വെള്ളാപ്പള്ളി നടേശനെ കൂട്ടിയത് വലിയ നേട്ടമായില്ലെന്ന് അമിത് ഷായും സംഘവും വിലയിരുത്തുന്നു. അത്‌കൊണ്ട് മാണി ഗ്രൂപ്പിനെ കിട്ടിയാല്‍ കൊള്ളാമെന്ന് അവര്‍ക്കുണ്ട്. ആത്മഹത്യാപരമായ അത്തരമൊരു തീരുമാനത്തില്‍ ചുരുങ്ങിയത് മാണിയെങ്കിലും എത്തില്ലെന്ന് തീര്‍ത്ത് പറയാനാകില്ല. അതുണ്ടായാലും ഇല്ലെങ്കിലും കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഒട്ടും ആശാസ്യമല്ലാത്ത ഫലങ്ങളാകും മാണിയുടെ ഈ ഇറങ്ങിപ്പോക്ക് സൃഷ്ടിക്കുക. അഴിമതിക്കേസുകളില്‍ മൃദു സമീപനത്തിന് മുന്നണികള്‍ തയ്യാറാകുന്നതില്‍ വരെ കാര്യങ്ങള്‍ വഷളായേക്കാം. പി ജെ ജോസഫ് എന്ത് നിലപാടെടുക്കുമെന്നതും പ്രധാനമാണ്.
തികച്ചും കുടുസ്സായ താത്പര്യങ്ങള്‍ക്ക് രാഷ്ട്രീയത്തെ ചുരുക്കിക്കെട്ടുന്നവര്‍ കൈകൊള്ളുന്ന സമീപനങ്ങള്‍ തികച്ചും അവസരവാദപരമായിരിക്കുമെന്ന സന്ദേശം തന്നെയാണ് രണ്ടില പിരിയുമ്പോള്‍ അവശേഷിപ്പിക്കുന്നത്. പാര്‍ലിമെന്ററി വിജയങ്ങള്‍ക്കായി ഇത്തരം ഗ്രൂപ്പുകളെ തരാതരം ഉപയോഗിക്കുകയും ലജ്ജയില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്ന വലിയ പാര്‍ട്ടികളും വീണ്ടു വിചാരത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു. നോക്കൂ, ഈ വൈകുന്നേരം പോലും അഴിമതിയെക്കുറിച്ച് അധികമാരും മിണ്ടുന്നില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here