ചുവന്ന പട്ടികയില്‍ ഇനി ആര്?

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കാന്‍ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയായ ഐ സി യു എന്നിന്റെ ചുവന്ന പട്ടികയില്‍ കേരളത്തിലെ 5094 ഇനം സസ്യങ്ങളില്‍ 493 എണ്ണം ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞു
Posted on: August 7, 2016 6:00 am | Last updated: August 6, 2016 at 11:53 pm
SHARE

environment-inസാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഏതുതരത്തിലുള്ള വികസനമാണ് വേണ്ടതെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ നാം കുടുങ്ങും. നടപ്പാക്കുന്ന അല്ലെങ്കില്‍ കാലക്രമേണ നടപ്പില്‍ വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിനയായി മാറാറുണ്ട്. ചിലപ്പോഴൊക്കെ അവ നമ്മുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തലത്തിലേക്ക് പരിണമിക്കുകയും ചെയ്യുന്നുണ്ട്.
പരിസ്ഥിതിയെയാണ് തലതിരിഞ്ഞ നമ്മുടെ പല വികസന പ്രക്രിയകളും പലപ്പോഴും ദോഷകരമായി ബാധിക്കാറുള്ളത്. പ്രകൃതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടതെന്ന് ആഗോളതലത്തില്‍ തന്നെ വ്യവസ്ഥകളുണ്ടെങ്കിലും അത് പലപ്പോഴും ബോധപൂര്‍വമോ അല്ലാതെയോ തെറ്റിക്കുന്നതില്‍ നാം സമര്‍ഥരാണെന്നത് മറ്റൊരു സത്യം. വംശനാശ ഭീഷണി നേരിടുന്ന സസ്യ- ജീവജാലങ്ങളെ സംബന്ധിച്ച് 1973 മാര്‍ച്ച് മൂന്നിന് വാഷിംഗ്ടണില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നടന്നത് പ്രകൃതി ചൂഷണത്തിനെതിരെയുള്ള വികസന സങ്കല്‍പ്പങ്ങള്‍ രൂപവത്കരിക്കുന്നതിന് കൂടിയായിരുന്നുവെന്ന് പറയുമ്പോള്‍ ലോകം പരിസ്ഥിതി സംരക്ഷണത്തിന് വൈകിയെങ്കിലും എത്രമാത്രം ശ്രദ്ധയാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകും. 2000 ആഗസ്റ്റില്‍ പരിസ്ഥിതി സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ വെളിവാക്കുന്ന ഈ കരാറില്‍ 152 രാജ്യങ്ങളാണ് കക്ഷികളായത്. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം സുസ്ഥിരമാക്കുക, പ്രകൃതിയുടെ ഐക്യവും വൈവിധ്യവും സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഈ കണ്‍വെന്‍ഷന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതികള്‍ക്കും പിന്നീട് രൂപം നല്‍കി.
പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ വിവിധ ലോകരാഷ്ട്രങ്ങള്‍ക്ക് പ്രേരകശക്തിയായത്. മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്ഥയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി അശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്വ പൂര്‍ണമായ ഉപയോഗത്തിലാണെന്ന് ലോകം മുഴുവന്‍ വൈകിയാണ് മനസ്സിലാക്കി വരുന്നത്. എന്നാല്‍ ഈ കാലതാമസം നമ്മുടെ കണ്‍മുന്നില്‍ നിന്ന് പലതിനെയും അപ്രത്യക്ഷമാക്കിത്തുടങ്ങിയിരിക്കുന്നു. നിത്യജീവിതത്തില്‍ ഒരു പക്ഷേ മനുഷ്യര്‍ക്കൊപ്പമുണ്ടായിരുന്ന എത്രയോ സസ്യ ജീവജാലങ്ങള്‍ ഇപ്പോള്‍ കാണാമറയത്താണെന്നത് തിരക്കിനിടയില്‍ നമ്മള്‍ വിസ്മരിച്ചിട്ടുണ്ടാകും. പക്ഷേ അവ നമ്മുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എത്രയായിരുന്നുവെന്ന് കാലം ഇടക്കൊക്കെ ദുരന്തങ്ങളായും മഹാമാരിയായും വേഷപ്പകര്‍ച്ചയുള്ള രോഗങ്ങളായും നമ്മെ ഇടക്കിടെ ഓര്‍മപ്പെടുത്തുന്നുണ്ട്.
വന്യമൃഗങ്ങളും ഉരഗങ്ങളും മത്സ്യങ്ങളുമടക്കം കേരളത്തിലെ 228 ജീവി വര്‍ഗങ്ങളും അസംഖ്യം സസ്യജാലങ്ങളും വംശനാശ ഭീഷണിയിലാണെന്നുള്ള സര്‍ക്കാര്‍ പഠനം അടുത്ത കാലത്ത് പുറത്ത് വന്നപ്പോള്‍ നേരിയ ഒരാശങ്ക നമുക്കിടയില്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിനായി രൂപം കൊണ്ട വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂനിയന്റെ (ഐ യു സി എന്‍) ചുവന്ന പട്ടികയില്‍ (റെഡ് ഡാറ്റാ ബുക്ക്) ഉള്‍പ്പെട്ടതാണ് ജീവിവര്‍ഗങ്ങളെന്നും സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് തന്നെയാണ് വ്യക്തമാക്കുന്നത്. നേരത്തെയുള്ളതില്‍ നിന്ന് കൂടുതലായി അടുത്തകാലത്തായി ചുവന്ന പട്ടികയില്‍ കേരളമുള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലെ നിരവധി സസ്യ- ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെട്ടതായി ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ വലിയ വിപത്തിലേക്കാണ് നമ്മുടെ വികസന സങ്കല്‍പ്പങ്ങള്‍ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നതെന്നുള്ള സൂചനകളാണ് വെളിപ്പെടുന്നത്.
അതീവ ജാഗ്രതാ ജൈവ മണ്ഡലമായ പശ്ചിമ ഘട്ട മല നിരകള്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ നിന്ന് തദ്ദേശീയമായ സസ്യജാതികള്‍ പലതും അതിവേഗമാണത്രെ അപ്രത്യക്ഷമാകുന്നത്. തനത് ആവാസ വ്യവസ്ഥകളുടെ നാശത്തിന്റെ രൂക്ഷത മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യജാതികളുടെ എണ്ണം അമ്പരപ്പിക്കുന്ന വിധത്തിലാണ് വര്‍ധിച്ചത്. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കാന്‍ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയായ ഐ സി യു എന്നിന്റെ ചുവന്ന പട്ടികയില്‍ കേരളത്തിലെ 5094 ഇനം സസ്യങ്ങളില്‍ 493 എണ്ണം ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞു.
അപ്രത്യക്ഷമാകുന്ന ചെടികളെക്കുറിച്ച് പറയുമ്പോള്‍ നാട്ടിന്‍പുറത്തുള്ളവര്‍ എപ്പോഴും പറയുന്ന ഉദാഹരണങ്ങളില്‍ ഒന്ന് ഔഷധ സസ്യമായ ഉറുതൂക്കിയാണ്. ഗ്രാമങ്ങളില്‍ എപ്പോഴും കാണാറുള്ള ഉറുതൂക്കിയുടെ ഒരില മതി ഏതു വിഷത്തെയും ഇല്ലാതാക്കാന്‍. തേളോ പഴുതാരയോ എന്തിന് പാമ്പുകടിച്ചാല്‍ പോലും ഉപയോഗിക്കാന്‍ പറ്റിയ ഈ നാട്ടുമരുന്ന് ഇന്ന് എതു നാട്ടിടവഴികളില്‍ കാണാനാകുമെന്ന് പഴമക്കാര്‍ ചോദിക്കുന്നു. വീട്ടുമുറ്റത്തും പറമ്പിലും കാട്ടിലും കുന്നിന്‍പുറത്തും എന്നു വേണ്ട എല്ലായിടത്തും സമൃദ്ധമായി കണ്ടിരുന്ന ഉറുതൂക്കി പോലുള്ള ചെടികള്‍ നമുക്ക് മുന്നില്‍ നിന്ന് നാമറിയാതെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നു. അസ്ഥികളുടെ ഒടിവ്, ചതവ് എന്നിവക്കുപയോഗിക്കുന്ന അസ്ഥിപ്പാല, ഉപ്പിളിയം, നീല ഇഞ്ചി, രക്തചന്ദനം, സ്വര്‍ണ ചെമ്പകം, മുള്ളാത്ത, കിരിയാല്‍, അശോകം, ഓരില, മൂവില, ആനത്തകര, കാട്ടുവെണ്ട, തീവാഴ എന്നിങ്ങനെ അപൂര്‍വ ഔഷധച്ചെടികളെല്ലാം അപ്രത്യക്ഷമാകുന്നു. ഈ ചെടികളുടെ ഗുണത്തിന്റെ ഒരംശം വലിയ വില കൊടുത്ത് പേസ്റ്റ് രൂപത്തിലോ ഗുളികയായോ ഉപയോഗിക്കുമ്പോഴും നമ്മുടെ കൊള്ളരുതായ്മ മൂലം നഷ്ടമായ ചെടികളുടെ പ്രത്യേകത മനസ്സിലാക്കാന്‍ സന്നദ്ധമാകുന്നില്ല.
വേങ്ങ, കാട്ടുതെങ്ങ് (മലന്തെങ്ങ്), അശോകം, വാതംകൊല്ലി മരം, കുമുദ്, ഓരിലത്താമര, കാശാവ്, ചുവന്ന അകില്‍, നീര്‍വഞ്ചി, നെല്ലിക്കപ്പുളി, പറട്ടി, മഞ്ഞപ്പുന്ന, മലമ്പുളി, മുത്താറിവള്ളി, വെളുത്തപാല, വ്യാളിത്തണ്ടന്‍ കാട്ടുചേന തുടങ്ങി പ്രാദേശികമായി പല പേരുകളിലറിയപ്പെടുന്ന സസ്യ ഇനങ്ങളാണ് അതീവ വംശനാശഭീഷണിയുള്ളവയായി കണക്കാക്കപ്പെട്ടട്ടിട്ടുള്ളവയില്‍ ചിലത്. മലബാര്‍ കീനോട്രീ, മാര്‍സുപ്പിയം തുടങ്ങിയ ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന വേങ്ങ ഏറ്റവുമടുത്ത കാലം വരെ നമ്മുടെ പറമ്പുകളില്‍ സജീവമായി കാണപ്പെട്ടിരുന്ന ഒരിനം സസ്യമാണ്. മുപ്പത് മീറ്റര്‍ ഉയരത്തില്‍ വളരുന്ന വേങ്ങ വലിയ അണുനാശക ശക്തിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ നിത്യഹരിത മരങ്ങളില്‍ ഒന്നായ കാരാഞ്ഞിലി ഗുരുതരമായ വംശനാശത്തിന്റെ വക്കിലായതിനാല്‍ ഇവയെ വനങ്ങളില്‍ കൃത്രിമമായി നട്ടുപിടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here