തിരൂരങ്ങാടിയിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; സൈ്വര്യ ജീവിതം തകര്‍ക്കുന്നു

Posted on: August 6, 2016 9:38 am | Last updated: August 6, 2016 at 9:38 am

തിരൂരങ്ങാടി: ടൗണിലും പരിസരങ്ങളിലും വര്‍ധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യം നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്നു. മദ്യ മയക്കുമരുന്ന് മാഫിയകളും അക്രമി സംഘങ്ങളും വര്‍ധിച്ചിരിക്കുകയാണ്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ് റോഡ്, പനമ്പുഴ റോഡ്, ഈസ്റ്റ് ബസാര്‍, ചന്തപ്പടി ഭാഗങ്ങളാണ് സാമൂഹിക വിരുദ്ധര്‍ താവളമാക്കിയിട്ടുള്ളത്. മദ്യ മയക്കുമരുന്നുകള്‍ ഇവിടെ സുലഭമായി വിറ്റഴിക്കപ്പെടുന്നു. വിദ്യാര്‍ഥികളെ ഉപയോഗിച്ച് വിവിധ തരം ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘവും സജീവമാണ്. സ്‌കൂളിലേക്ക് വരുമ്പോഴും പോവുമ്പോഴും പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും രൂക്ഷമാണ്. പരിസരത്തെ രണ്ട് ഹൈസ്‌കൂളുകളിലെ അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ പല വിദ്യാര്‍ഥികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
രാത്രി റോഡിലൂടെ പോവുന്ന പലരേയും സാമൂഹിക ദ്രോഹികള്‍ അക്രമിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോവുകയായിരുന്ന തിരൂരങ്ങാടി സ്വദേശിയായ യുവാവിനെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദിച്ചു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ തൊട്ടുമുമ്പ് രാത്രി വിവാഹം കഴിഞ്ഞ് വരികയായിരുന്ന ഒരാളെയും ഒരു സംഘം അക്രമിച്ചു. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ പൗരസമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. രാഷ്ട്രീയ സംഘടനാ നേതാക്കള്‍, മതസംഘടന, മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, സ്‌കൂള്‍ പി ടിഎ, വ്യാപാരി സംഘടന, മാധ്യമ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, ഡ്രൈവേഴ്‌സ് യൂനിയന്‍, തൊഴിലാളി സംഘടന തുടങ്ങിയവരെല്ലാം ഉള്‍പ്പെടുത്തിയാണ് പൗരസമിതിക്ക് രൂപംനല്‍കിയിട്ടുള്ളത്. പോലീസുമായി സഹകരിച്ച് പരിഹാര നടപടികള്‍ ചെയ്യാനും നാട്ടുകാരിലും യുവാക്കളിലും ബോധവത്കരണം നടത്താനും തീരുമാനിച്ചതായി പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കവറൊടി മുഹമ്മദ്, നഗരസഭ കൗണ്‍സിലര്‍ എംഎന്‍ ഹുസൈന്‍, എ കെ മുസ്തഫ പൂങ്ങാടന്‍, ഫഹദ്, പി കെ മജീദ്, എന്‍ എം അലി, മനരിക്കല്‍ അശ്‌റഫ് പങ്കെടുത്തു. പൗര സമിതി ഭാരവാഹികള്‍: കവറൊടി മുഹമ്മദ്(പ്രസി.), എം എന്‍ ഹുസൈന്‍, മുസ്തഫ ഗുരുക്കള്‍, സി എച്ച് ഫള്ല്‍ അശ്‌റഫ് തച്ചറപ്പടിക്കല്‍, വി എം ഹംസക്കോയ (വൈ.പ്രസി.), എ കെ മുസ്തഫ (സെക്ര.) പി ഫഹദ് നൗഫല്‍ തടത്തില്‍, പി കെ മജീദ്, എന്‍ എം അലി (ജോ.സെക്ര), എം അശ്‌റഫ്(ട്രഷ). മഹല്ല് കമ്മിറ്റികളുടെയും മതസംഘടനകളുടെയും നേതൃത്വത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.