ഉന്നം വെക്കാന്‍ ഇന്ത്യ; കണ്ണുകള്‍ ജിതു റായിയില്‍

Posted on: August 6, 2016 6:00 am | Last updated: August 6, 2016 at 1:06 am

jitu-story_647_030416041230റിയോ ഡി ജനീറോ: ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യ ഇന്ന് മുതല്‍ മെഡലിന് ഉന്നം വെക്കാന്‍ തുടങ്ങും. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ജീതു റായ് ആണ് ആദ്യം കാഞ്ചി വലിക്കുന്നത്. ജീതുവിനൊപ്പം ഇന്ത്യയുടെ ഇതിഹാസ താരം അഭിനവ് ബിന്ദ്രയും ഇറങ്ങുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ അപുര്‍വി ചന്ദേലയും അയോണിക പോളും ഇറങ്ങുന്നുണ്ട്.
ബീജിംഗ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയ ബിന്ദ്ര തന്റെ അവസാന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കുവാനുള്ള പുറപ്പാടിലാണ്. ഗഗന്‍ നരംഗ്, മാനവ്ജിത് സിംഗ് സന്ധു, ഹീന സിധു, അപുര്‍വി ചന്ദേല എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.
നേപ്പാളില്‍ ജനിച്ച് ഉത്തര്‍പ്രദേശില്‍ കുടുംബവുമായി താമസിക്കുന്ന ജീതു റായ് പട്ടാളക്കാരനാണ്. 50 മീറ്റര്‍ പിസ്റ്റളില്‍ ലോകചാമ്പ്യനായ ജീതു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ ഉന്നം വെക്കുന്നുണ്ട്.
ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കിയ ആര്‍മി ഷൂട്ടര്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി. ലോകകപ്പുകളില്‍ രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ജീതുവിന്റെ നേട്ടങ്ങള്‍.
ജീതുവിന് ഒളിമ്പ്യാഡ് ആദ്യാനുഭവമാണെങ്കില്‍ ബിന്ദ്രക്ക് അഞ്ചാം ഒളിമ്പിക്‌സാണിത്. ബീജിംഗില്‍ സ്വര്‍ണം നേടിയ ബിന്ദ്രക്ക് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പതിനാറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ വിഭാഗം 10 മീറ്റര്‍ പിസ്റ്റള്‍ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ താരമാണ് അപുര്‍വി ചന്ദേല. അയോണിക വെള്ളിയും നേടി. റിയോയിലെ ഷൂട്ടിംഗ് റേഞ്ചില്‍ ഇവര്‍ ആത്മവിശ്വാസത്തോടെ മത്സരിക്കും.