സ്വര്‍ണാഭരണ വില്‍പ്പനയിലെ പുതിയ നിയന്ത്രണങ്ങള്‍ സ്വാഗതം ചെയ്ത് ഉപഭോക്താക്കള്‍

Posted on: August 4, 2016 8:53 pm | Last updated: August 4, 2016 at 8:53 pm
SHARE

ദോഹ: സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന വാണിജ്യ മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്ത് ഉപഭോക്താക്കള്‍. സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികള്‍ക്ക് വില്‍ക്കുമ്പോള്‍ വളരെ വില കുറക്കുന്നതായി പലരും മുമ്പ് പരാതിപ്പെട്ടിരുന്നു.
യാതൊരു പ്രശ്‌നവും ഇല്ലാത്ത ആഭരണങ്ങള്‍ ഉപയോഗിച്ചതല്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാന്‍. ഈ ആഭരണങ്ങള്‍ വിറ്റതിന് ശേഷം പണം നല്‍കുന്ന രീതി ഷോപ്പുകള്‍ അവലംബിച്ചതിനാലാണിത്. ഇങ്ങനെ പണം ലഭിക്കാന്‍ ആറ് മാസം വരെ കാത്തുനിക്കേണ്ടിവന്നെന്ന് അനുഭവസ്ഥര്‍ പറയുന്നു. സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന രീതി പലര്‍ക്കും അറിയാത്തത് പ്രശ്‌നമാകാറുണ്ട്. സ്വര്‍ണത്തിന്റെ യഥാര്‍ഥ വില, പണിക്കൂലി, ഷോപ്പിന്റെ ലാഭം എന്നിവ കണക്കുകൂട്ടി വേണം ആഭരണങ്ങള്‍ ഷോപ്പുകള്‍ക്ക് വില്‍ക്കാനെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണക്കട്ടികള്‍ക്കും ബിസ്‌കറ്റുകള്‍ക്കും ചില ഷോപ്പുകള്‍ വലിയ വില ഈടാക്കുന്നതായും പരാതിയുണ്ട്.
ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന ആഭരണത്തിന്റെ കണ്ടീഷന്‍ അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് ജ്വല്ലറിക്കാര്‍ പറയുന്നു. നല്ല ആഭരണമാണെങ്കില്‍ പ്രദര്‍ശിപ്പിക്കും. അല്ലെങ്കില്‍ മിനുക്കുപണികളും മറ്റും വേണ്ടിവരും. അപ്പോള്‍ വില്‍പ്പനക്കാരന് സ്വര്‍ണത്തിന്റെ വില മാത്രമെ ലഭിക്കൂ. സ്വര്‍ണം വില്‍പ്പനക്ക് ഉദ്ദേശിക്കുന്നവര്‍ ഒന്നിലേറെ ഷോപ്പുകളെ സമീപിക്കുന്നത് നന്നായിരിക്കും. ഇടപാടിന്റെ വ്യവസ്ഥകളും നിയമങ്ങളും ഉപഭോക്താക്കളെ അറിയിക്കണമെന്നും വിശദമായ വില്‍പ്പന റസീപ്റ്റ് നല്‍കണമെന്നുമാണ് ഈയടുത്ത് വാണിജ്യ മന്ത്രാലയം സ്വര്‍ണ വില്‍പ്പനയില്‍ കൊണ്ടുവന്ന പരിഷ്‌കാരം. സെപ്തംബര്‍ 19നുള്ളില്‍ ഈ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here