740 ഫലസ്തീനികള്‍ ഭവനരഹിതരായി

Posted on: July 30, 2016 5:52 am | Last updated: July 29, 2016 at 11:52 pm
SHARE

വെസ്റ്റ്ബാങ്ക്: ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ അതിക്രമങ്ങളില്‍ 740 ഫലസ്തീനികള്‍ ഭവനരഹിതരായി. ഇവരില്‍ 384 പേര്‍ കുട്ടികളാണ്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം ഇടിച്ചുനിരത്തിയത് മൂലമാണ് ഇത്രയും പേര്‍ ഭവനരഹിതരായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്‌റാഈല്‍ മനുഷ്യാവകാശ സംഘടന ബി സെലം ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനുവരി ഒന്നിനും ജൂണ്‍ 30നും ഇടയില്‍ ഫലസ്തീനികളുടെ 168 വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം ഇടിച്ചുനിരത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഒരേ ഹൗസിംഗ് യൂനിറ്റില്‍ ഉള്‍പ്പെടുന്ന മറ്റു വീടുകള്‍ ഈ കണക്കിന് പുറത്താണ്. വെസ്റ്റ്ബാങ്കില്‍ നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഫലസ്തീനികള്‍ അധിവസിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ജീവിതം പൂര്‍ണമായും ഇസ്‌റാഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കനത്ത സുരക്ഷാ നടപടികളാണ് ഇവിടെ സൈനികര്‍ സ്വീകരിച്ചുവരുന്നത്.
2015 വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം തകര്‍ക്കപ്പെട്ട വീടുകളുടെ എണ്ണം കൂടുതലാണ്. നഗര കേന്ദ്രങ്ങളില്‍ നിന്ന് വിദൂരത്തിലുള്ള ചെറു സമൂഹങ്ങളുടെ വീടുകളാണ് തകര്‍ക്കപ്പെട്ടവയില്‍ ഏറെയെന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ച് സംഘടന ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ ഹെബ്‌റോണിലും ജോര്‍ദാന്‍ താഴ്‌വരകളിലും ഇത്തരത്തില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയപരമായി സ്വാധീനം ചെലുത്താനാകാത്ത, അധികം ജനസാന്ദ്രതയില്ലാത്ത മേഖലകളെയാണ് ഇസ്‌റാഈല്‍ സൈന്യം ലക്ഷ്യംവെക്കാറുള്ളത്. തങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് പോലും ഫലസ്തീനികള്‍ക്ക് ലഭിക്കാറില്ല. പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയോട് ഇസ്‌റാഈല്‍ സൈന്യം ചെയ്തുകൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം ഉയരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു എസും ഐക്യരാഷ്ട്ര സഭയും ഇസ്‌റാഈലിന്റെ കടന്നുകയറ്റത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
വീടുകള്‍ നിര്‍മിക്കുന്നതിന് മുമ്പ് അനുമതി തേടിയിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീടുകള്‍ പലപ്പോഴും ഇസ്‌റാഈല്‍ സൈന്യം ഇടിച്ചുനിരത്താറുള്ളത്. എന്നാല്‍, നിരവധി തവണ അപേക്ഷ നല്‍കിയിട്ടും അവഗണിക്കപ്പെടുകയോ മറുപടി ലഭിക്കുകയോ ചെയ്യാറില്ലെന്ന് ഫലസ്തീനികള്‍ സാക്ഷ്യപ്പെടുത്തുന്നു. 2010നും 2014നും ഇങ്ങനെ ഫലസ്തീനികള്‍ നല്‍കിയ അപേക്ഷയില്‍ വെറും 1.5 ശതമാനം അപേക്ഷകള്‍ക്ക് മാത്രമാണ് ഇസ്‌റാഈല്‍ സൈന്യം മറുപടി നല്‍കിയതെന്ന് കഴിഞ്ഞ വര്‍ഷം യു എന്‍ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.