എല്‍ബ്രസ് കീഴടക്കി സ്വദേശി യുവാവ് താരമായി

Posted on: July 29, 2016 6:20 pm | Last updated: July 29, 2016 at 6:20 pm
SHARE

ദുബൈ: യൂറോപ്പിലെ എല്‍ബ്രസ് മല കീഴടക്കി സ്വദേശി യുവാവ് താരമായി. ടെലികോം കമ്പനിയായ ഡുവിലെ ഉദ്യോഗസ്ഥനായ യാസിര്‍ അല്‍ ബെഹ്‌സാദാണ് രാജ്യത്തിന്റെ പതാക മലമുകളില്‍ സ്ഥാപിച്ച് അഭിമാനഭാജനമായി മാറിയത്. റഷ്യയുടെ ഭാഗമായി കാക്കസസ് പര്‍വതത്തിലാണ് അല്‍ബ്രസ് മലനിര സ്ഥിതിചെയ്യുന്നത്. ഏഴു വന്‍കരയിലെയും ഓരോ കൊടുമുടികള്‍ കീഴടക്കുകയെന്ന അഭിലാഷത്തിന്റെ ഭാഗമായിരുന്നു മല കയറ്റം.
ജീവിതം ഒരുപാട് മുന്നൊരുക്കങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന ആമുഖത്തോടെയായിരുന്നു യാസിര്‍ തന്റെ നേട്ടത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. അപകടങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പ്, അതിനുള്ള പരിശ്രമം, നിശ്ചയദാര്‍ഢ്യം എന്നിവ അവയില്‍ പ്രധാനമാണ്. പര്‍വതം കീഴടക്കാനുള്ള ഉപകരണങ്ങള്‍ക്കൊപ്പം താന്‍ ഏറെ അഭിമാനത്തോടെയാണ് ദേശീയ പതാകയും കൊണ്ടുപോയത്. പര്‍വതത്തിന്റെ ഉച്ചിയില്‍ രാജ്യത്തിന്റെ പതാക പാറിക്കാന്‍ നിയോഗം ലഭിച്ച ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ യാസിര്‍ കുറിച്ചിട്ടു.
കൊടുങ്കാറ്റിനെ വെല്ലുവിളിച്ചായിരുന്നു പര്‍വതം കീഴടക്കിയത്. ജീവനക്കാര്‍ക്ക് അവരുടെ മഹത്തായ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവുന്നതെല്ലാം കമ്പനി ചെയ്യുമെന്ന ഡു ചീഫ് ഹ്യൂമണ്‍ കാപിറ്റല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായ ഇബ്രാഹീം നാസിര്‍ വ്യക്തമാക്കി. ജീവനക്കാരനായ യാസിറിനെ ഓര്‍ത്ത് കമ്പനി അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം യു എ ഇയില്‍ താമസിക്കുന്ന രണ്ടു മക്കളുടെ അമ്മയായ ഫലസ്തീല്‍ യുവതി സൂസന്നെ അല്‍ ഹൂബി വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡെനാലി കീഴടക്കി ചരിത്രം കുറിച്ചിരുന്നു. സമുമദ്ര നിരപ്പില്‍ നിന്ന് 6,190 മീറ്റര്‍ ഉയരമുള്ളതാണ് കയറിയെത്താന്‍ അതീവ ബുദ്ധിമുട്ടുള്ള ഈ കൊടുമുടി. ഇതിലൂടെ, ഇത്തരം നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വനിതയായി ഇവര്‍ മാറിയിരുന്നു. യു എ ഇ സായുധ സേനയിലെ 16 അംഗങ്ങള്‍ ഉള്‍പെട്ട സംഘം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി ചരിത്രമെഴുതിയത് കഴിഞ്ഞ മെയ് മാസത്തിലായിരുന്നു. മെയ് 19നായിരുന്നു സംഘത്തിന്റെ എവറസ്റ്റ് ദൗത്യം വിജയിച്ചത്.