തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല: വികസന സമിതി

Posted on: July 27, 2016 12:35 pm | Last updated: July 27, 2016 at 12:35 pm
SHARE

ചിറ്റൂര്‍: തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടി എങ്ങുമെത്തിയില്ലെന്നു ചിറ്റൂര്‍–തത്തമംഗലം നഗരസഭാ കാര്‍ഷിക വികസന സമിതിയില്‍ പരാതി.
തത്തമംഗലം, ചിറ്റൂര്‍ ഭാഗത്തെ പാടശേഖര സമിതികളുടെ പരിധിയില്‍ തരിശു കിടക്കുന്ന ‘ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു കെ കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കഴിഞ്ഞ സമിതിയില്‍ തീരുമാനം ഉണ്ടായിരുന്നു. തത്തമംഗലം പാടശേഖര സമിതിയുടെ പരിധിയിലുള്ള ഏഴോളം പേരുടെ ഉടമസ്ഥതയില്‍ കൃഷിഭൂമി തരിശു കിടക്കുന്നതായും അവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും തത്തമംഗലം കൃഷി അസിസ്റ്റന്റ് സി സന്തോഷ് പറഞ്ഞു.
തരിശു കിടക്കുന്ന ഭൂവുടമകളെ നേരില്‍ കണ്ട് നോട്ടീസ് നല്‍കി ഒപ്പിട്ടുവാങ്ങണമെന്നും തരിശുകിടക്കുന്ന ഭൂമികളുടെ വിവരങ്ങള്‍ കണ്ടെത്തി അതില്‍ കൃഷിയിറക്കാനുള്ള നടപടികള്‍ എടുക്കണമെന്നും കൃഷി’വന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തരിശുകൃഷി’ഭൂമി കണ്ടെത്താന്‍ പാടശേഖര സമിതികളും സഹകരിക്കണമെന്ന ആവശ്യവും അംഗീകരിച്ചു.
തരിശു കിടക്കുന്ന ഭൂമിയില്‍ കൃഷിയിറക്കാന്‍ ഉടമകള്‍ തയാറായില്ലെങ്കില്‍ കുടുംബശ്രീ മുഖേന കൃഷിയിറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു വൈസ് ചെയര്‍പഴ്‌സന്‍ കെ എ ഷീബ പറഞ്ഞു. ചിങ്ങം ഒന്നിന് ആചരിക്കുന്ന കര്‍ഷക ദിനത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ട കാര്യപരിപാടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ഉണ്ടായി.
നഗരസഭാ പ്രദേശത്തെ മികച്ച അഞ്ചു കര്‍ഷകരെ തിരഞ്ഞെടുത്ത് ആദരിക്കാനും അതിനായി ഒരു കമ്മിറ്റി രൂപവത്ക്കരിക്കാനും തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ ടി എസ്തിരുവെങ്കിടം അധ്യക്ഷത വഹിച്ചു.