സ്‌പോണ്‍സറില്ലാത്ത ഇടിയാണ്, സൂക്ഷിക്കുക !

Posted on: July 27, 2016 6:00 am | Last updated: July 27, 2016 at 12:48 am
SHARE

manoj-kumarഹരിയാന ബോക്‌സര്‍ മനോജ് കുമാര്‍ റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയാല്‍ അതൊരു കുമാര സംഭവമാകും ! ഗോഡ്ഫാദര്‍മാരില്ല, സ്‌പോണ്‍സര്‍മാരില്ല എന്തിന് അര്‍ഹതപ്പെട്ട അര്‍ജുന അവാര്‍ഡ് പോലും കോടതി വിധിയിലൂടെ വെട്ടിപ്പിടിക്കേണ്ടി വന്ന ഗതികേടാണ് മനോജ് കുമാറിനുള്ളത്.
രാജ്യത്തെ കോര്‍പറേറ്റ് കമ്പനികളൊന്നും തന്നെ മനോജിന്റെ ആവശ്യത്തിന് മുന്നില്‍ കണ്ണടച്ച് നില്‍ക്കുന്നു. ഒളിമ്പിക് മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയാല്‍ കണ്ണടച്ചവരെല്ലാം തുറക്കും.
കമ്പനികളെല്ലാം ട്വിറ്ററിലൂടെ അഭിനന്ദനം ചൊരിയും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ദേവിന്റെ മറുപടിക്കും വാര്‍ത്താപ്രാധാന്യമുണ്ടാകും. കാരണം, 2014 ല്‍ മനോജ് കുമാറിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചത് കപില്‍ദേവ് ചെയര്‍മാനായ പുരസ്‌കാര സമിതി ആയിരുന്നു.
മനോജിന് വേണ്ടത്ര യോഗ്യതയില്ലെന്ന കപിലിന്റെ പരാമര്‍ശത്തെ മനോജ് കുമാര്‍ ചോദ്യം ചെയ്തു. മിസ്റ്റര്‍ കപില്‍ദേവ് എന്റെ പേര് മനോജ് കുമാര്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ്. കൂടുതലായിട്ടറിയണമെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിക്കണം.
ക്രിക്കറ്റ് താരങ്ങളേക്കാള്‍ താഴെയാണ് ബോസ്‌കര്‍മാര്‍ എന്ന് കരുതരുത്. ഒളിമ്പിക് ഇനമാണ് ബോക്‌സിംഗ്. ഇന്ത്യക്കായി നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് – ഇങ്ങനെയായിരുന്നു മനോജ് കുമാര്‍ കപിലിനെതിരെ വാളോങ്ങിയത്. ഒടുവില്‍ കപില്‍ തോറ്റു, മനോജ് അര്‍ജുന അവാര്‍ഡ് കോടതി വിധിയിലൂടെ നേടിയെടുത്തു.
മറാത്ത വീര്യമാണ് മനോജിന്റെ കരുത്ത്. ശിവാജിയാണ് മാതൃകാബിംബം. ഇത് തന്നെയാണ് പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കാന്‍ മനോജിന് ആത്മവീര്യമേകുന്നത്. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാമ്പ്യനായ ശേഷം ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥാനക്കയറ്റം നല്‍കുമെന്ന വാഗ്ദത്തമുണ്ടായി.
പക്ഷേ, ഇന്നും മൂന്നാം ക്ലാസ് ജീവനക്കാരനായി തുടരുകയാണ് മനോജ്. ഈ അവഗണന മാത്രം മതി ഇന്ത്യന്‍ കായിക രംഗത്ത് നിന്ന് പിന്‍മാറാന്‍.
എന്നാല്‍, തന്റെ പ്രതിഷേധം വലിയ വേദിയില്‍ അലയടിപ്പിക്കുവാന്‍ മനോജ് മാറ്റി വെക്കുകയാണ്. അതൊരു പക്ഷേ, റിയോയില്‍ അതിന്റെ പാരമ്യതയിലെത്തിയാല്‍ രാജ്യത്തിന് ഒരു മെഡല്‍ ഉറപ്പാകും !
ഹരിയാനയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് പൊതുവെ നല്ല പ്രോത്സാഹനവും പിന്തുണയും ലഭിക്കാറുണ്ട്. എന്നാല്‍, മനോജിന്റെ സ്ഥിതി വ്യത്യസ്ഥമാണ്. സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുക്കാന്‍ ഭിക്ഷാംദേഹിയെ പോലെ നില്‍ക്കുവാന്‍ മനോജ് തയ്യാറല്ല. അല്പം വിപ്ലവകാരിയാണ്. ഈ ചങ്കൂറ്റവും നെഞ്ചുറപ്പും വിനയായിട്ടുണ്ടെങ്കില്‍ ഖേദമില്ലെന്ന നിലപാടാണ് മനോജിന്.
ഹരിയാനയിലെ കുഗ്രാമത്തില്‍ കര്‍ഷകകുടുംബത്തിലാണ് ജനിച്ചത്. സഹോദരന്‍ രാജേഷ് കുമാറാണ് ബോക്‌സിംഗ് ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. ഇളയ സഹോദരന്‍ മുകേഷ് കുമാറും രാജ്യാന്തര ബോക്‌സിംഗ് താരമാണ്.
2008 ബീജിംഗ് ഒളിമ്പിക് യോഗ്യത തലനാരിഴക്ക് നഷ്ടമായ മനോജ് 2012 ലണ്ടന്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്തു. പ്രീക്വാര്‍ട്ടറിലാണ് പരാജയപ്പെട്ടത്.
ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ടോം സ്റ്റാള്‍ക്കറിനോടായിരുന്നു തോല്‍വി. അത് പക്ഷേ, വിവാദതീരുമാനത്തിലായിരുന്നു. ജഡ്ജിമാര്‍ ബ്രിട്ടന് അനുകൂലമായി വിധിയെഴുതിയെന്ന് മറ്റ് രാഷ്ട്രങ്ങള്‍ പോലും ചൂണ്ടിക്കാണിക്കുകയുണ്ടായി.
വിജേന്ദര്‍ സിംഗ് പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് ചേക്കേറിയതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രധാന ബോക്‌സിംഗ് പ്രതീക്ഷയായി മനോജ് കുമാര്‍ മാറി. രാജ്യത്തിന് ആദ്യ ബോക്‌സിംഗ് സ്വര്‍ണം നേടുകയാണ് റിയോയില്‍ തന്റെ ലക്ഷ്യം- മനോജ് പറയുന്നു.
2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്വാര്‍ട്ടറില്‍ പുറത്തായ മനോജ് കുമാര്‍ ഈ വര്‍ഷം ഗുവാഹത്തിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ട് ഫോമിലേക്കുയര്‍ന്നു.
അതുപോലെ 2012 എ ഐ ബി എ ഏഷ്യ ഒളിമ്പിക് ക്വാളിഫൈയറില്‍ വെങ്കലം നേടിയ മനോജ് 2016 ലും നേട്ടം ആവര്‍ത്തിച്ചു.
ചെക് ഗ്രാന്‍ പ്രീയിലും വെങ്കലം നേടി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കലം നേടുകയുണ്ടായി. രാജ്യാന്തര തലത്തില്‍ ഏറെ പരിചയ സമ്പന്നനായ മനോജ് കുമാറിന്റെ റിയോയിലെ ഓരോ ഇടിയും പൊന്നിന്‍ തിളക്കമുള്ളതാകട്ടെയെന്ന് ആശംസിക്കാം.