തുര്‍ക്കിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സൈനിക ജനറല്‍മാരും അറസ്റ്റില്‍

Posted on: July 27, 2016 6:00 am | Last updated: July 27, 2016 at 12:43 am
SHARE

അങ്കാറ: അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ തുടരുന്നു. ഇന്നലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും രണ്ട് ഉന്നത സൈനിക ജനറല്‍മാരെയും തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തു. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംഭവം കഴിഞ്ഞ് രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോഴും ഇതിന്റെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ തുടരുകയാണ്. ഇതുവരെ 13,000ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ഉണ്ടായി. അട്ടിമറി ശ്രമങ്ങളുമായി ബന്ധമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നവരാണ് പ്രതികാര നടപടികള്‍ക്ക് വിധേയരായിക്കൊണ്ടിരികുന്നത്.
അതിനിടെ, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടുത്തമാസം തുടക്കത്തില്‍ റഷ്യ സന്ദര്‍ശിച്ചേക്കും. അതിര്‍ത്തി ലംഘിച്ചു പറക്കുകയും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍വാങ്ങാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് തുര്‍ക്കി റഷ്യയുടെ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടിരുന്നു. ഈ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളാകുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉര്‍ദുഗാന്റെ റഷ്യന്‍ സന്ദര്‍ശനം.