അമേരിക്ക കനത്ത വില നല്‍കേണ്ടിവരും: ഉ. കൊറിയ

Posted on: July 27, 2016 5:42 am | Last updated: July 27, 2016 at 12:43 am
SHARE

സിയോള്‍: കൊറിയന്‍ ഉപദ്വീപിനെ സംഘര്‍ഷത്തിലേക്ക് നയിച്ചാല്‍ അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ആണവ പദ്ധതികളുടെ പേരില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഉത്തര കൊറിയക്കെതിരെ രംഗത്തെത്തി മണിക്കൂറുകള്‍ക്കകമാണ് ഉത്തര കൊറിയ ശക്തമായ പ്രതികരണം നടത്തിയത്. ലവോസില്‍ മേഖലാ സുരക്ഷാ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ കെറി. ലോക രാജ്യങ്ങള്‍ ചേര്‍ന്ന് ഉത്തര കൊറിയയെ ആണവായുധ മുക്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ നടത്തുന്ന നീക്കങ്ങള്‍ പ്രകോപനപരമാണെന്നും കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാവണം എന്ന ഉപാധിയോടെ തങ്ങളുടെ ആണവ പരിപാടികള്‍ അവസാനിപ്പിച്ച ഇറാനെ കണ്ടുപഠിക്കാന്‍ ഉത്തര കൊറിയ തയ്യാറാകണം. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര കൊറിയക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആ ഉപരോധങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സുരക്ഷാ കൗണ്‍സിലില്‍ പങ്കെടുത്തിരുന്ന ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ അതേ നാണയത്തില്‍ തന്നെ അമേരിക്കക്ക് മറുപടി നല്‍കുകയായിരുന്നു. രാജ്യം ഏത് തരത്തിലുള്ള ഉപരോധങ്ങളെയും നേരിടാന്‍ തയ്യാറാണ്. ഒരിക്കലും അവസാനിക്കാത്ത അമേരിക്കയുടെ ആണവായുധ ഭീഷണികളെ നേരിടാന്‍ ഉത്തര കൊറിയക്ക് ആണവായുധങ്ങള്‍ വികസിപ്പിക്കുകയെന്നത് വളരെ അനിവാര്യമാണ്. കൊറിയന്‍ ഉപദ്വീപിനെ സംഘര്‍ഷത്തിലേക്ക് നയിച്ചാല്‍ അതിന് അമേരിക്ക വന്‍ വില നല്‍കേണ്ടിവരും. കൊച്ചുരാജ്യങ്ങളെ ആക്രമിക്കാന്‍ വരുന്ന വന്‍ രാജ്യങ്ങള്‍ ഒരിക്കലും സുരക്ഷിതരല്ലെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്- അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നുള്ള സൈനിക ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് ആണവായുധം അത്യാവശ്യമാണെന്ന് നേരത്തെ ഉത്തര കൊറിയ ചൂണ്ടിക്കാട്ടിയിരുന്നു. ദക്ഷിണ കൊറിയയില്‍ അമേരിക്കയുടെ 28,500 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ ദക്ഷിണ കൊറിയയുമായി സഹകരിച്ച് ഇടക്കിടെ സൈനിക പരിശീലനങ്ങളും ഉണ്ടാകാറുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ദീര്‍ഘനാളായി ഉത്തര കൊറിയ ആവശ്യപ്പെട്ടുവരുന്നു. ഇത്തരം സൈനിക അഭ്യാസങ്ങള്‍ രാജ്യത്തേക്ക് അതിക്രമിച്ചുകയറുന്നതിന് തുല്യമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു.