തുര്‍ക്കി പട്ടാള അട്ടിമറിശ്രമം: പ്രസിഡന്റിന്റെ സൈനിക വ്യൂഹത്തെ പിരിച്ചുവിടാന്‍ തീരുമാനം

Posted on: July 24, 2016 12:58 pm | Last updated: July 25, 2016 at 9:05 am
SHARE

അങ്കാറ: തുര്‍ക്കിയില്‍ ജനകീയ ഇടപെടലിലൂടെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സുരക്ഷാസേനയെ പിരിച്ചുവിടന്‍ തീരുമാനം. സുരക്ഷാ സേനയില്‍പ്പെട്ട മുന്നൂറോളം പേര്‍ അട്ടിമറിശ്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി ബിനാലി യില്‍ദിറിം ആണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റിന് ഇനി സുരക്ഷാ വ്യൂഹം ഉണ്ടാകില്ലെന്നും അദ്ദേഹത്തിന് അതിൻെറ ആവശ്യമില്ലെന്നും പ്രധാനമന്ത്രി ബിനാലി യില്‍ദിറിം മാധ്യമങ്ങളോട് പറഞ്ഞു.

പ്രസിഡന്റിന്റെ സുരക്ഷാ വ്യൂഹത്തില്‍ 2500 സൈനികരാണ് ഉള്ളത്. ഇവരില്‍ 283 പേരെ അട്ടിമറിശ്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, കസ്റ്റഡിയിലെടുത്ത സൈനികരില്‍ 1200 പേരെ വിട്ടയക്കുകയും ചെയ്തിരുന്നു.

ജൂലൈ 15ന് അര്‍ധരാത്രിയാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം നടന്നത്. ഇതേതുടര്‍ന്ന് ഉര്‍ദുഗാന്‍ ജനങ്ങളോട് തെരുവിലിറങ്ങി പട്ടാളത്തെ നേരിടാന്‍ ആവശ്യപ്പെടുകയും ജനം തെരുവിലിറങ്ങിയതോടെ പട്ടാളം പിന്‍വാങ്ങുകയുമായിരുന്നു. സംഭവത്തില്‍ 246 പേര്‍ കൊല്ലപ്പെടുകയും 2100ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.