വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി

Posted on: July 23, 2016 12:10 am | Last updated: July 23, 2016 at 12:10 am
SHARE

kohliആന്റിഗ്വെ: വിദേശ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലിക്ക് സ്വന്തം – അതേ, കോഹ്‌ലി ഡാ !!!
കരീബിയന്‍ മണ്ണില്‍ ആദ്യ ദിനം സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോഹ്‌ലി രണ്ടാം ദിനം കരിയറിലെ കന്നി ഇരട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് ക്രീസ് വിട്ടത്. 283 പന്തില്‍ 200 റണ്‍സ് നേടിയ കോഹ്‌ലിയെ ഉച്ചഭക്ഷണത്തിന് ശേഷം കളി ആരംഭിച്ച ഉടനെ പേസര്‍ ഷാനോന്‍ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ ചെയ്തു.
രണ്ടാം സെഷനില്‍ കളി പുരോഗമിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 408 എന്ന ഭേദപ്പെട്ട സ്‌കോറിലാണ് ഇന്ത്യ. അശ്വിന്‍ (66), സാഹ (1) എന്നിവരാണ് ക്രീസിലുള്ളത്. രണ്ടാം ദിനം 302/4 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച സന്ദര്‍ശകരെ നിര്‍ഭയം മുന്നോട്ട് നയിച്ചത് കോഹ്‌ലി-അശ്വിന്‍ കൂട്ടുകെട്ടായിരുന്നു. ടീം സ്‌കോര്‍ 236 ല്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ ഒരുമിച്ചത്. ടെസ്റ്റ് കരിയറില്‍ അശ്വിന്‍ ആദ്യമായിട്ടാണ് ആറാം നമ്പറില്‍ ഇറങ്ങുന്നത്. അഞ്ചാം വിക്കറ്റില്‍ 168 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്.
മികച്ച സ്‌ട്രേക്ക് പ്ലേകളുമായി ബൗളര്‍മാരെ നേരിട്ട കോഹ്‌ലി 24 ബൗണ്ടറികള്‍ നേടി. ലഞ്ച് സെഷന് തൊട്ടു മുമ്പുള്ള അവസാന ഓവറിലെ അവസാന പന്തിലാണ് കോഹ്‌ലി ഡബിള്‍തികയ്ക്കുന്നത്. റോസ്റ്റന്‍ ചേസിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്ക് പായിപ്പിച്ചായിരുന്നു ഇത്.
പക്വമായ ആഹ്ലാദപ്രകടനമായിരുന്നു കോഹ്‌ലി നടത്തിയത്. ഗ്രൗണ്ടില്‍ മുട്ടുകുത്തി, പുല്‍ത്തകിടിയില്‍ ഒരു നിറചുംബനം. വിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിചാര്‍ഡ്‌സ് സ്റ്റേഡിയം ആ ചുംബനത്തില്‍ പുളകം കൊണ്ടു. ഉച്ചഭക്ഷണത്തിന് ശേഷം കോഹ്‌ലി പെട്ടെന്ന് പുറത്താവുകയും ചെയ്തു. 166 പന്തുകള്‍ നേരിട്ട അശ്വിന്‍ ക്യാപ്റ്റന്റെ നിര്‍ദേശം ഉള്‍ക്കൊണ്ടായിരുന്നു ക്രീസില്‍ നിലയുറപ്പിച്ചത്. എട്ട് ബൗണ്ടറികളും അശ്വിന്റെ ഇന്നിംഗ്‌സിലുണ്ട്.
ഇന്നലെ ആദ്യ സെഷനില്‍ കോഹ്‌ലിക്കും അശ്വിനും ഭീഷണിയാകാന്‍ ഷാനോന്‍ ഗബ്രിയേലിനും ജാസന്‍ ഹോള്‍ഡറിനും സാധിച്ചതേയില്ല. കോഹ്‌ലി ഡ്രൈവുകളും ഫഌക്കുകളുമായി ആസ്വദിച്ചു കളിച്ചപ്പോള്‍ അശ്വിന്‍ മിഡില്‍വിക്കറ്റിലേക്ക് മനോഹരമായി കളിച്ചു.
ഇന്ത്യന്‍ ടീമിലെ മികച്ച സ്‌ട്രോക്ക് പ്ലെയേഴ്‌സായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ആദ്യ ദിനം വിക്കറ്റ് നഷ്ടപ്പെടുത്തിയത് എത്ര വലിയ നഷ്ടമായെന്ന് ചിന്തിച്ചിട്ടുണ്ടാകും. രഹാനെ 22 റണ്‍സിനും പുജാര 16 റണ്‍സിനുമാണ് പുറത്തായത്.