ഏകസിവില്‍കോഡ്: സമാനമനസ്‌കരുമായി യോജിച്ചു നീങ്ങും- ലീഗ് ദേശീയ കൗണ്‍സില്‍

Posted on: July 22, 2016 6:00 am | Last updated: July 22, 2016 at 9:37 am
SHARE

ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും ഏകസിവില്‍കോഡിനെ സാധൂകരിക്കുന്ന ഭരണഘടനയിലെ 44ാം വകുപ്പ് എടുത്തുകളയണമെന്നും മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍. ഈ വിഷയത്തില്‍ സമാന മനസ്‌കരായ ആളുകളുമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും ഏകസിവില്‍കോഡിനെ പിന്തുണച്ച് രംഗത്തുവന്ന ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ഇന്നലെ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ദേശീയ നിര്‍വഹക സമിതിയോഗം അഭിപ്രായപ്പെട്ടു.
സിവില്‍ നിയമങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിയമം അനുശാസിക്കുന്ന ഏകസിവില്‍കോഡിനെ സാധൂകരിക്കുന്ന ഭരണഘടനയിലെ 44ാം വകുപ്പ് എടുത്തുകളയണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരവരുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും പ്രകടിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഏകസിവില്‍കോഡ് അത്തരം ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതാണ്. ഈ വിഷയത്തില്‍ ‘ഏകസിവില്‍കോഡ് വിരുദ്ധ ദിനം’ ആചരിക്കുന്നതിന് ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. കശ്മീരില്‍ നിന്ന് സൈനികര്‍ക്കു സവിശേഷാധികാരം നല്‍കുന്ന അഫ്സ്പ നിയമം പിന്‍വലിക്കണം കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെയും അതിനു പിന്നിലെ പാകിസ്താന്റെ തന്ത്രങ്ങളെയും ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ല. അത്തരം വിഷയങ്ങളെ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെങ്കിലും അതിന്റെ മറവില്‍ നിരപരാധികളെ വേട്ടയാടുന്നതിനെ എതിര്‍ക്കുമെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
സാക്കിര്‍ നായിക്കിനെതിരെ കെട്ടിച്ചമച്ച വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം വാര്‍ത്തകളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിലയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ദേശീയ നിര്‍വഹക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു.