ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച 16കാരനെ കൊലപ്പെടുത്തി

Posted on: July 22, 2016 12:38 am | Last updated: July 22, 2016 at 12:38 am
SHARE

താനെ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായ ദളിത് ആണ്‍കുട്ടിയെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് ദുരഭിമാനക്കൊല എന്ന് സംശയിക്കുന്ന ഈ സംഭവം ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നെരുല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
നേരത്തെ 16കാര നെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറിയില്ലെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ പിന്നീട് സസ്പ ന്‍ഡ് ചെയ്തു.
നെരൂലിലെ ധരാവിലെ സ്വപ്‌നില്‍ സൊനവന്‍ എന്ന പതിനാറുകാരനാണ് തനിക്കൊപ്പം പഠിച്ച 17കാരിയായ പെണ്‍കുട്ടിയുമായി പ്രണയിച്ചതിന് കൊല ചെയ്യപ്പെട്ടത്. എന്നാല്‍, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത് ഇരുവരും പ്രണയത്തിലായിരുന്നില്ലെന്നാണ്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഇരുപത്തഞ്ചോളം പേര്‍ ദളിത് യുവാവിനെ കൂട്ടിക്കൊണ്ടുപോയി ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊലക്കുറ്റത്തിന് കേസെടുത്ത ഏഴ് പേരെയും വശി കോടതിയില്‍ ഹാജരാക്കി ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.