തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: July 21, 2016 8:39 am | Last updated: July 21, 2016 at 10:47 am
SHARE

urdughanഅങ്കാറ: പട്ടാള അട്ടിമറിശ്രമത്തിന് പിന്നാലെ തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരവസ്ഥ ഭരണഘടന അനുസരിച്ചാണെന്നും ജനജീവിതം ദുസഹമാകില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. തലസ്ഥാനമായ അങ്കാറയില്‍ നടന്ന നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിനൊടുവിലായിരുന്നു ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് വളര്‍ന്നുവരുന്ന തീവ്രവാദം ഇല്ലാതാക്കാനാണ് അടിയന്തരാവസ്ഥയെന്നും തുര്‍ക്കി ജനതയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

അട്ടിമറിശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടികളാണ് തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 5000 സൈനികരെ സേനയില്‍ നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാരേയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 21,000 ടീച്ചര്‍മാരേയും പുറത്താക്കി.