തുര്‍ക്കിയില്‍ അക്കാദമിസ്റ്റുകള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി

Posted on: July 21, 2016 6:00 am | Last updated: July 21, 2016 at 12:06 am
SHARE

en_amblemഅങ്കാറ: തുര്‍ക്കിയില്‍ ഒരു വിഭാഗം സൈനിക മേധാവികള്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യാദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിച്ചു. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ അക്കാദമിസ്റ്റുകള്‍ രാജ്യം വിട്ട് പുറത്തുപോകരുതെന്ന് തുര്‍ക്കിയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു. പുറത്തുപോയവര്‍ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടതായി തുര്‍ക്കിയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത് താത്കാലികമായ ഒരു നടപടിയാണെന്നാണ് സര്‍ക്കാറിന്റെ പക്ഷം. യൂനിവേഴ്‌സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ അട്ടിമറി നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുര്‍ക്കിയിലെ ചില സൈനിക കൂട്ടങ്ങള്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ പങ്ക് നിര്‍ണായകമാണെന്നും സൈന്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങളെ യൂനിവേഴ്‌സിറ്റികളിലെ ചിലര്‍ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ലക്ഷ്യംവെച്ച് ശക്തമായ നടപടികളാണ് തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരിലേക്കും നടപടികള്‍ നീണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെ വിവിധ മേഖലകളില്‍ നിന്ന് നീക്കം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സിറ്റികളില്‍ നിന്നായി 1577 അക്കാദമിസ്റ്റുകളെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇത് കഴിഞ്ഞ് ഒരു ദിവസമാകുമ്പോഴാണ് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു നീക്കത്തില്‍, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 21,000 അധ്യാപകരുടെ ലൈസന്‍സ് വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. 15,200 സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെയും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.
അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയത് ഫത്ഹുല്ല ഗുലാന്‍ ആണെന്നും ഇദ്ദേഹത്തെ അമേരിക്ക പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് മതിയായ തെളിവ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കണമെന്നാണ് അമേരിക്കയുടെ പ്രതികരണം.