Connect with us

Malappuram

ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍: പ്രസവ വാര്‍ഡ് അടച്ചു പൂട്ടി

Published

|

Last Updated

തിരൂര്‍: ജില്ലാ ആശുപത്രിയിയില്‍ ഗൈനക്കോളജിസ്റ്റുമാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ പ്രസവ വാര്‍ഡ് പൂര്‍ണമായും അടച്ചു പൂട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ത്രീ രോഗ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയായിരുന്നു. ഡോക്ടര്‍മാര്‍ അടുത്ത ദിവസം തന്നെ എത്തുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ദിവസങ്ങളായി ഡോക്ടര്‍മാര്‍ എത്താതായതോടെ അഡ്മിറ്റ് ചെയ്ത ഗര്‍ഭിണികളും പ്രസവാനന്തര ചികിത്സയില്‍ കഴിഞ്ഞവരും ആശുപത്രി വിടുകയായിരുന്നു. ഡോക്ടര്‍മാര്‍ ഇല്ലാത്തതു കൊണ്ട് പുതുതായി ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികളെ മടക്കി അയക്കുകയാണ് ആശുപത്രി അധികൃതര്‍. നിലവില്‍ പ്രസവാനന്തര ചികിത്സയില്‍ കഴിയുകയായിരുന്ന അഞ്ചു പേരും ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ പ്രസവ വാര്‍ഡിലെ ബെഡുകളെല്ലാം കാലിയായിരിക്കുകയാണ്. തീരദേശ നിവാസികളടക്കമുള്ള സാധാരണക്കാരാണ് തിരൂരിലെ സര്‍ക്കാര്‍ ആശുപത്രിയെ ഏറെയും ആശ്രയിക്കുന്നത്. ഗൈനക്കോളജിസ്റ്റുമാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണ്. ദിവസവും നൂറ് കണക്കിന് സ്ത്രീകള്‍ പരിശോധനക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചേരാറുണ്ട്. ഇവരെല്ലാം ദുരിതത്തിലായിരിക്കുകയാണ്. ജില്ലാ ആശുപത്രിയെ കഴിഞ്ഞ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക തീരുമാനം ഇതുവരെയും വന്നില്ല. താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പോലും ഇപ്പോള്‍ ഇല്ലെന്നതാണ് വസ്തുത. നിലവില്‍ മൂന്ന് ഗൈനക്കോളജിസ്റ്റുമാരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഈയിടെ ട്രാന്‍സ്ഫര്‍ വാങ്ങി പോയി. മറ്റു രണ്ടു പേരില്‍ ഒരാള്‍ നേരത്തെ അവധിയില്‍ പ്രവേശിച്ചു. പിന്നീട് ജോലി ഭാരം ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ പിരടിയിലായി. ഇതിനു പിന്നാലെ ബാക്കിയുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍ അസുഖം മൂലം അവധിയില്‍ പോവുകയും ചെയ്തു. ഇതോടെ സ്ത്രീ രോഗ വിഭാഗത്തില്‍ ഡോര്‍ക്ടര്‍മാര്‍ ആരും ഇല്ലാത്ത അവസ്ഥയായി. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ ഒ പി പരിശോധന നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയിലെ പ്രസവ വാര്‍ഡും പൂട്ടിയത്.

 

Latest