ബ്രക്‌സിറ്റ്: സമയം തേടി പുതിയ പ്രധാനമന്ത്രി

Posted on: July 15, 2016 6:09 am | Last updated: July 15, 2016 at 12:10 am
SHARE
ബക്കിംഗ് ഹാം കൊട്ടാരത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എലിസബത്ത് രാജ്ഞിയെ ഹസ്തദാനം ചെയ്യുന്നു
ബക്കിംഗ് ഹാം കൊട്ടാരത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എലിസബത്ത് രാജ്ഞിയെ ഹസ്തദാനം ചെയ്യുന്നു

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള വേര്‍പെടലിന് കൂടുതല്‍ സമയം വേണമെന്ന് ബ്രിട്ടനില്‍ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മെയ്. ഹിതപരിശോധനാ ഫലത്തിന്റെ വെളിച്ചത്തില്‍ രാജ്യത്തെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്തേക്ക് നയിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമായിരിക്കും. എന്നാല്‍ അതിന് കൂടുതല്‍ സമയം ആവശ്യമുണ്ട്- ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. ഇ യുവില്‍ നിന്ന് പുറത്ത് കടക്കുകയെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ വെല്ലുവിളി മറികടക്കുന്നതിലേക്ക് രാജ്യം ഉയരും. ലോകത്ത് പുതിയ ക്രിയാത്മക പങ്കു വഹിക്കാന്‍ ബ്രിട്ടന്‍ ഉണ്ടാകും. ഏതാനും ഉന്നതരായ വ്യക്തികള്‍ക്ക് വേണ്ടിയല്ല, എല്ലാവര്‍ക്കും വേണ്ടിയായിരിക്കും രാജ്യം നിലകൊള്ളുകയെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായ തെരേസ മെയിനെ ടെലിഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച ജര്‍മനി, ഫ്രാന്‍സ്, അയര്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കളോടും ബ്രെക്‌സിറ്റിനായുള്ള തന്റെ പ്രതിജ്ഞാബദ്ധത അവര്‍ വ്യക്തമാക്കിയിരുന്നു. ഇ യു വില്‍ നിന്ന് വേര്‍പെടാനുള്ള ഹിതപരിശോധന വിജയിച്ചതോടെ സ്ഥാനമൊഴിഞ്ഞ ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായാണ് തെരേസ മെയ് 10 ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുന്നത്. ഇ യുവില്‍ നിന്നുള്ള പിന്‍മടക്കത്തെ ശക്തമായ എതിര്‍ത്തയാളായിരുന്നു കാമറൂണ്‍. തെരേസ മെയ് എതിര്‍ വശത്തും.
അതേസമയം, വേര്‍പിരിയല്‍ പ്രക്രിയ വേഗത്തിലാക്കണമെന്ന നിലപാടിലാണ് ഇ യു മേധാവികള്‍. തെരേസ മെയിനെ വിളിച്ച ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടേ, നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കറും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും ഒരുമിച്ച്, ഉടനടി നേരിടേണ്ട സവിശേഷ സാഹചര്യമാണ് ഹിതപരിശോധന സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പുതിയ പ്രധാനമന്ത്രി എന്ന നിലയില്‍ തെരേസ മെയിന്റെ കാഴ്ചപ്പാട് അറിയാന്‍ താത്പര്യമുണ്ടെന്ന് കമ്മീഷന്‍ പ്രസിഡന്റ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
അനിശ്ചിതത്വത്തിന്റെ നാളുകള്‍ കൂടുതല്‍ നീട്ടിക്കൊണ്ടു പോകുന്നത് അനുവദിക്കാനാകില്ലെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലാ മെര്‍ക്കല്‍ പുതിയ പ്രധാനമന്ത്രിയെ ചര്‍ച്ചകള്‍ക്കായി ബര്‍ലിനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇ യു വിടാനാണ് ഹിതപരിശോധനാ ഫലമെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുതിയ സര്‍ക്കാറിന് തീരുമാനിക്കാവുന്നതാണ്. അനിവാര്യമെങ്കില്‍ ബ്രെക്‌സിറ്റ് ഒഴിവാക്കാവുന്നതുമാണ്.
ബ്രെക്‌സിറ്റിനായി ശക്തമായി വാദിച്ച ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണേയാണ് തെരേസ മെയ് വിദേശകാര്യ മന്ത്രിയായി നിയോഗിച്ചത്. ഇ യുവില്‍ നിന്നുള്ള സമ്പൂര്‍ണമായ വിടവാങ്ങലാണ് അവര്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ സൂചനയായി ചിലര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ലീവ് ക്യാമ്പില്‍ ശക്തമായി പ്രചാരണം നടത്തിയ ഡേവിഡ് ഡേവിസ്, ലിയാം ഫോക്‌സ് തുടങ്ങിയവര്‍ക്കും മെയ് സര്‍ക്കറില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിക്കും.