നബാം ടൂക്കി ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍

Posted on: July 14, 2016 8:42 pm | Last updated: July 14, 2016 at 8:42 pm
SHARE

Nabam Tuki_0ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി നബാം ടൂക്കി ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അധികാരമേറ്റതിനു പിന്നാലെയാണു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് തനിക്ക് സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് നബാം ടൂക്കി വീണ്ടും അധികാരത്തിലെത്തിയത്. നിയമസഭ പിരിച്ചുവിടുകയും സ്പീക്കറെ പുറത്താക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി മുന്‍ മുഖ്യമന്ത്രി നബാം ടൂക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്തു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ പ്രകാരം നിശ്ചയിച്ച നിയമസഭാ സമ്മേളനം റദ്ദാക്കി തന്റെ വിവേചനാധികാരം ഉപയോഗിച്ചു പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ വിളിച്ചുചേര്‍ത്തതു ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. വിധി പുറത്തുവന്ന് തൊട്ടുപിന്നാലെ ടൂക്കി അധികാരമേറ്റിരുന്നു.