പഞ്ചാബില്‍ നൂറ് കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

Posted on: July 13, 2016 9:28 pm | Last updated: July 13, 2016 at 9:30 pm
SHARE

അമൃത്‌സര്‍: പാക്കിസ്ഥാന്‍ സ്വദേശികള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. പഞ്ചാബിലെ ഇന്തോ-പാക് അതിര്‍ത്തിയിലെ ബിഎസ്എഫ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിയിലെ മുള്ളുവേലിക്കടുത്തേക്ക് ഹെറോയിന്‍ പൊതികള്‍ വലിച്ചെറിഞ്ഞ ലഹരി കടത്തുകാര്‍ ബിഎസ്എഫ് ടീമിനു നേര്‍ക്കു വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ത്തതിനെ തുടര്‍ന്നു കടത്തുകാര്‍ രക്ഷപ്പെട്ടു.

പുലര്‍ച്ചെ 3.30നായിരുന്നു വെടിവയ്പ് നടന്നതെന്നു ബിഎസ്എഫ് ഡിഐജി ആര്‍.എസ്.കഠാരിയ അറിയിച്ചു. പാക്കിസ്ഥാന്റെ പ്രദേശത്തുനിന്ന് എറിഞ്ഞുനല്‍കിയ പാക്കറ്റുകള്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബിഎസ്എഫ് കണെ്ടടുത്തു. 21 പാക്കറ്റുകളിലായാണ് ഹെറോയിന്‍ കടത്തിയത്.