പരീക്ഷാ തട്ടിപ്പ്: പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും

Posted on: July 5, 2016 9:34 am | Last updated: July 5, 2016 at 9:34 am
SHARE

Ruby Rai Bihar topper 2 PTIപാറ്റ്‌ന: ബീഹാര്‍ പ്ലസ് ടു ഉന്നതവിജയ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്തവളായി പരിണിക്കണമെന്ന വാദം പാറ്റ്‌ന ജില്ലാ കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി രാഘവേന്ദ്ര കുമാര്‍ സിംഗ് വാദം അംഗീകരിച്ചത്.
ഇതോടെ, നിലവില്‍ ബെയൂര്‍ മോഡല്‍ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുന്നതിനുള്ള വഴിതെളിഞ്ഞിരിക്കുകയാണ്. പ്ലസ് ടു ഹ്യുമാനിറ്റീസില്‍ ഈ പെണ്‍കുട്ടിയും സയന്‍സില്‍ മറ്റൊരു ആണ്‍കുട്ടിയും അനധികൃതമായി ഉന്നത വിജയികളായി മാറിയതാണ് വിവാദങ്ങള്‍ക്കും കേസിനും ഇടയാക്കിയത്. ഇരുവര്‍ക്കും പാഠ്യവിഷയത്തില്‍ പ്രഥമിക ജ്ഞാനം പോലുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ വൈറലായതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് പെണ്‍കുട്ടിയെ പ്രത്യേക അമ്പേഷണ സംഘം അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിക്ക് വേണ്ടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗം കെ ഡി മിശ്രയാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം കോടതിയില്‍ ഹാജരാക്കിയ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 17 വര്‍ഷവും മൂന്ന് മാസവുമാണ് പ്രായം. ഈ വാദം ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് എതിര്‍ത്തില്ല. ഇതോടെയാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരിഗണന നല്‍കാമെന്ന് കോടതി ഉത്തരവിട്ടത്.