വാതിലുകള്‍ ഇല്ലാ ഗ്രാമം

Posted on: July 3, 2016 10:14 pm | Last updated: July 3, 2016 at 10:14 pm
SHARE

shigna purനമ്മുടെ വീടിന്റെ വാതില്‍ കുറച്ചു ദിവസങ്ങള്‍ തുറന്നിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?, ഒരു ശരാശരി മലയാളി സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത കാര്യം അല്ലേ! കഴിഞ്ഞ 600 വര്‍ഷങ്ങളോളമായി വീടിനും സ്ഥാപനങ്ങള്‍ക്കും വാതില്‍ കൊട്ടി അടക്കാത്ത ഒരു ഗ്രാമമുണ്ട് നമ്മുടെ ഇന്ത്യയില്‍. ‘വാതിലുകള്‍ ഇല്ലാത്ത ഗ്രാമം’.

ലോകത്ത് മറ്റേത് പ്രദേശത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത വിശേഷണത്തിന്റെ ചരിത്ര വിസ്മയം നൂറ്റാണ്ടുകളായി നിലനിര്‍ത്തുന്ന ഗ്രാമം.
മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമങ്ങളും, തനതായ ജീവിത രീതികളും തേടിയുള്ള യാത്രയിലാണ് ഇവിടെയെത്തിച്ചേര്‍ന്നത്.അഹ്മദ് നഗറില്‍ നിന്ന് ബസില്‍ ശിഘ്‌നാപൂരിലേക്ക് തിരിക്കുമ്പോള്‍ മനസില്‍ കരുതിയത് ഏറിയാല്‍ അഞ്ചോ പത്തോ വീടുകള്‍ പാരമ്പര്യത്തിന്റേയും, വിശ്വാസത്തിന്റേയും പേരില്‍ ഇന്നും ആചാരമായി വാതിലുകള്‍ ഇല്ലാതെ കാണുമായിരിക്കുമെന്നാണ്. അല്ലാതെ ഇന്നത്തെ കാലത്ത് ഒരു ജനതയും ഇത്തരം അബദ്ധജഡിലമായ തീരുമാനം കൈകൊള്ളില്ലല്ലോ. ആ ചിന്തകളുടെ മേല്‍ കനത്ത ചാട്ടുളി പ്രഹരമേറ്റ് ആ സത്യം മനസ്സിലാക്കി. ഏകദേശം

4000ത്തോളം വീടുകളുള്ള ഈ പ്രദേശത്ത് 95ശതമാനം വീടുകള്‍ക്കും വാതിലുകളില്ല! ഈ ഗ്രാമത്തിന്റെ ആത്മാവായ, ക്ഷേത്രത്തിലെ, മൂര്‍ത്തി ശനിദേവന്‍ എല്ലാം സംരക്ഷിക്കുമെന്നാണ് വിശ്വാസം. ഒപ്പം മറ്റുള്ളവരുടെ സ്വത്ത് അപഹരിച്ചാല്‍ ദേവന്‍ ശിക്ഷിക്കുമെന്ന ഭീതിയും. തികച്ചും ന്യൂ ജനറേഷന്‍ ആഡംബര വീടുകള്‍ക്കു പോലും വാതിലുകളില്ല. പുതിയ തലമുറയിലെ ആളുകളും ഒരു ആചാരമെന്നപോലെ ഈ വിശ്വാസം ഇന്നും തുടരുന്നു. വളരെ ചെറിയ ഗ്രാമമാണ് ശിഘ്‌നാപൂര്‍. ഇടുങ്ങിയ വഴിത്താരകളും വടക്കേ ഇന്ത്യയിലെ തെരുവോരങ്ങളുടെ വൃത്തികേടുകളും എല്ലാം നിറഞ്ഞ ഒരു പ്രദേശം. ശനിക്ഷേത്രം തന്നെയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷക കേന്ദ്രം. ശനിയാഴ്ചയിലെ ഒരു പ്രത്യേക വഴിപാടിനായി നിരവധി ചെറുപ്പക്കാര്‍ ഇവിടെയെത്തുന്നു. മികച്ച ജീവിത പങ്കാളിയെ ലഭിക്കാനാണ് ഈ വഴിപാട്. ഒരു താലത്തില്‍ ഏതാനും സാമഗ്രികള്‍ നിറച്ച് ക്ഷേത്രത്തില്‍ സമര്‍പിക്കുന്നു. നിരവധി സുന്ദരികള്‍ താലങ്ങള്‍ കൈകളിലേന്തി വരിവരിയായി ക്ഷേത്രത്തിലേക്ക് പോകുന്ന കാഴ്ച ശനിയാഴ്ച ആയതിനാല്‍ എനിക്ക് കാണാന്‍ സാധിച്ചു.

സ്വായംഭൂ ആണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ഇവിടെ തീര്‍ഥാടകര്‍ എത്തിച്ചേരുന്നു. ഗ്രാമവാസികളില്‍ കുറേയധികം പേര്‍ക്ക് ഇത് വഴി വരുമാനവും ലഭിക്കുന്നു. 100 രൂപക്ക് ഗ്രാമം മുഴുവന്‍ കാണിച്ചു തരാമെന്ന് പറഞ്ഞ റിക്ഷകാരന്റെയൊപ്പം ഒന്ന് ചുറ്റിക്കറങ്ങി. വീടുകള്‍ക്കോ കടകള്‍ക്കോ വാതില്‍ ഒരിടത്തും കാണാന്‍ സാധിച്ചില്ല. നിരവധി ചരിത്ര-പുരാണ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് ഗ്രാമം. ഗ്രാമവാസികളുടെ ജീവിതം ക്ഷേത്രവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു.
ഒരു പോസ്റ്റോഫീസ്, സ്‌കൂള്‍, ഒരു ബേങ്ക്; ഇത്രയും ആഡംബരങ്ങളാണ് ശനിശിഘ്‌നാപൂരില്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും രസകരമായ വസ്തുത ഈ സ്ഥാപനങ്ങള്‍ക്കൊന്നും ജനാലകളോ വാതിലുകളോ ഇല്ലായെന്നുള്ളതാണ്. യുണൈറ്റഡ് കോമേഴ്‌സ്യല്‍ ബേങ്കിന്റെ ശാഖയാണ് ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ബേങ്കുകള്‍ക്കും മികച്ച സുരക്ഷാ സംവിധാനമുള്ളപ്പോള്‍ ഈ ഗ്രാമത്തിലെ ബേങ്കിനു വാതിലുകള്‍ പോലും വേണ്ട എന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം ആചാരം മാത്രമല്ല, ഈ ഗ്രാമത്തിലെ സീറോ ക്രൈം റേറ്റ് കൂടിയാണ്. ചരിത്രത്തില്‍ ആകെ മൂന്നു തവണ മാത്രമാണ് ശിഘ്‌നാപൂരില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മോഷണ കേസുകളിലെ പ്രതികളെ നിയമത്തിനു മുമ്പില്‍ എത്തിക്കാനും ഇത് വരെ സാധിച്ചിട്ടില്ല. ഒരു മോഷണ കേസിലെ സംശയിക്കപെട്ട ആളെ പിന്നീട് ആരും കണ്ടിട്ടുമില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത ഏതോ ഒരു മിത്ത് ഈ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നതായി ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവപ്പെടും.

രുചികരമായ ഭക്ഷണമാണ് ഹോട്ടലില്‍നിന്നും കഴിക്കാന്‍ സാധിച്ചത്. താരതമ്യേന വിലയും കുറവ്. ഭക്ഷണത്തിന്റെ പണം കൊടുക്കുന്നതിനിടയില്‍ പണ പെട്ടിയിലേക്ക് എത്തിനോക്കിയ എന്നോടായി ഹോട്ടലുടമ ചിരിച്ചു കൊണ്ട് പറഞ്ഞു, ‘ഇല്ല പണപ്പെട്ടിയും ഞങ്ങള്‍ അടച്ചു സൂക്ഷിക്കാറില്ല അങ്ങനെ ചെയ്യേണ്ട ആവശ്യവും ഇത് വരെ ഉണ്ടായിട്ടില്ല’.
സഹൃദയരാണ് ഇവിടുത്തെ ആളുകള്‍. ശാന്തശീലരും മുഖത്ത് എപ്പോഴും ചിരി നിലനിര്‍ത്തുന്നവരുമായ ഗ്രാമ വാസികളെയാണ് ഏറിയ പങ്കും കാണാന്‍ സാധിച്ചത്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശിഘ്‌നാപൂരിനെ മാധ്യമങ്ങളില്‍ അടുത്ത കാലത്തായി എത്തിച്ചിട്ടുണ്ട്.

മലയാളികള്‍ ഏറെ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രമായ ഷിര്‍ദിയില്‍ നിന്ന് 65 കിലോമീറ്ററാണ് ശിഘ്‌നാപൂരിലേക്കുള്ള ദൂരം.
കാല്‍പനികതകള്‍ നിറഞ്ഞ മറാത്ത ഗ്രാമത്തിന്റെ ദൃശ്യ ഭംഗിയുള്ള പാടശേഖരങ്ങളും കരിമ്പ് തോട്ടങ്ങളും പരമ്പരാഗത വസ്ത്രമണിഞ്ഞ സുന്ദരികളും രുചികരമായ ഭക്ഷണവും അത്ഭുതങ്ങളായ നിരവധി കഥകളും നിറഞ്ഞ ഒരു സുന്ദരഭൂമി.
സായംസന്ധ്യയില്‍ കുങ്കുമ വര്‍ണത്തില്‍ കുളിച്ചുനില്‍ക്കുന്ന ആ ഗ്രാമത്തിന്റെ അതിര്‍ത്തി പിന്നിടുമ്പോള്‍ ഏതൊ മായാലോകത്ത്‌നിന്ന് പുറത്തേക്ക് വരുന്നപോലെ തോന്നി, ഒപ്പം ഒരു ചരിത്ര വിസ്മയത്തെ നേരിട്ടറിയാന്‍ സാധിച്ച നിര്‍വൃതിയും.