ഡിഫ്തീരിയ മരണം: ഉത്തരവാദിത്വം മുസ്‌ലിം സംഘടനകളുടെ തലയിലിട്ട് ജമാഅത്തെ ഇസ്‌ലാമി

Posted on: July 1, 2016 12:40 am | Last updated: July 1, 2016 at 12:40 am

കോഴിക്കോട്: പ്രതിരോധ കുത്തിവെപ്പിനെതിരെ ഏതെങ്കിലും മുസ്‌ലിം മതസംഘടനകള്‍ യാതൊരു തരത്തിലുള്ള പ്രചാരണങ്ങളും ഇടപെടലുകളും നടത്തിയിട്ടില്ലെന്നിരിക്കെ മലപ്പുറത്തെ ഡിഫ്തീരിയ മരണവും രോഗ വ്യാപനവും മുസ്‌ലിം സംഘടനകളുടെ തലയില്‍ കെട്ടിവെച്ച് ജമാഅത്തെ ഇസ്‌ലാമി. മലപ്പുറത്തെ ഡിഫ്തീരിയ മരണങ്ങള്‍ക്ക് ഇത്തരവാദികള്‍ ഇസ്‌ലാമിക സംഘടനകളാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ആരോഗ്യ വിഭാഗമായ എത്തിക്കല്‍ മെഡിക്കല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുന്നു. ചില സംഘടനകള്‍ കുത്തിവെപ്പ് നടത്തുന്നത് മത നിയമങ്ങള്‍ക്ക് എതിരാണെന്ന് വിശ്വസിക്കുന്നുവെന്നും നിഷിദ്ധമായ വസ്തുക്കളില്‍ നിന്നാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതെന്നും അവര്‍ പ്രചരിപ്പിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു. മലബാറിലെ ന്യൂനപക്ഷ സമുദായത്തിന്റെ പ്രത്യുത്പാദന ശേഷി വാക്‌സിനുകള്‍ തകര്‍ക്കുമെന്നും വാക്‌സിന്‍ എടുക്കുന്നത് ശിര്‍ക്കിന് തുല്യമാണെന്നും അവര്‍ പ്രചരിപ്പിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഡോക്ടര്‍മാര്‍ പറയുന്നു. മത സംഘടനകളും വാക്‌സിന്‍ വിരുദ്ധ ക്യാമ്പയിനും മാധ്യമങ്ങളും അനാവശ്യ ഭീതി ഇക്കാര്യത്തിലുണ്ടാക്കിയതായി സംഘടന ചൂണ്ടിക്കാട്ടി. പ്രാദേശിക മത നേതാക്കള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മലപ്പുറത്ത് വാക്‌സിന്‍ നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നതായും എന്നാല്‍ സംഘടനകളുടെ നേതൃത്വങ്ങള്‍ തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെടുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.