പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

Posted on: June 30, 2016 2:22 pm | Last updated: June 30, 2016 at 2:25 pm

pk-rageshകണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി സമീറിനെയാണ് രാഗേഷ് പരാജയപ്പെടുത്തിയത്. 27 നെതിരെ 28 വോട്ടുകള്‍ക്കായിരുന്നു രാഗേഷിന്റെ വിജയം. എല്‍ഡിഎഫിന്റെ പിന്തുണയോടെയായിരുന്നു രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

നേരത്തെ രാഗേഷിന്റെ പിന്തുണയോടെ ഡെപ്യൂട്ടി മേയര്‍ സി സമീറിനെതിരെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുഡിഎഫിലെ സി സമീര്‍ ഈ മാസം 12 ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം കരസ്ഥമാക്കിയത്. പി കെ രാഗേഷ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതോടെയായിരുന്നു അന്ന് നറുക്കെടുപ്പ് വേണ്ടി വന്നത്.

55 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടതോടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ എല്‍ഡിഫിന് തികഞ്ഞ ആധിപത്യമായി.നിലവില്‍ കണ്ണൂരിന്റെ എം.പി, എം. എല്‍. എ, മേയര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളെല്ലാം എല്‍.ഡി.എഫിനാണ്. കണ്ണൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ സമ്പൂര്‍ണാധിപത്യം ഇടതുമുന്നണിക്ക് ലഭിക്കുന്നത്. എല്‍.ഡി.എഫിന് പൂര്‍ണ പിന്തുണയുണ്ടെന്നും അഞ്ചു വര്‍ഷവും ഇടതുമുന്നണി കോര്‍പ്പറേഷന്‍ ഭരിക്കുമെന്നും രാഗേഷ് പിന്നീട് വ്യക്തമാക്കി.