പരസ്യം ചെയ്തതിനേക്കാള്‍ നിരക്ക് ഈടാക്കിയ ഫര്‍ണിച്ചര്‍ സ്ഥാപനം അടപ്പിച്ചു

Posted on: June 29, 2016 9:21 pm | Last updated: June 29, 2016 at 9:21 pm

ദോഹ: പരസ്യം ചെയ്തതിനേക്കാള്‍ വില ഈടാക്കി വില്‍പ്പന നടത്തിയ സല്‍വ റോഡിലെ ഫര്‍ണിച്ചര്‍ സ്ഥാപനം മന്ത്രാലയം ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. ഹോള്‍ സെയില്‍ വിലക്ക് ഫര്‍ണിച്ചറുകല്‍ വില്‍പ്പന നടത്തുന്നതായി സ്ഥാപനം പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമായിരുന്നുവെന്നും യതാര്‍ഥത്തില്‍ സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിലക്കാണ് ഉപകരണങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്നും വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു.
റമസാനില്‍ ഉപഭോക്തൃ ചൂഷണവും വിലക്കയറ്റവും തടയതന്നതിനായി മന്ത്രാലയം നടത്തി വരുന്ന പ്രത്യേക പരിശോധനാ കാമ്പയിന്റെ ഭാഗമായാണ് ഫര്‍ണീച്ചര്‍ ഷോപ്പിലും ഉദ്യോഗസ്ഥരെത്തിയത്. നിയമലംഘനം പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാഴ്ച അടച്ചിനാടണ് നിര്‍ദേശിച്ചത്. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും മന്ത്രാലയം നല്‍കിയ നിര്‍ദേശത്തിന്റെയു പ്രകടമായ ലംഘനമാണ് പിടികൂടിയതെന്നും ഇതുപോലെ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.