Connect with us

Editorial

സുബ്രഹ്മണ്യന്‍ സമിതി ശിപാര്‍ശകള്‍

Published

|

Last Updated

ക്യാമ്പസുകളിലെ രാഷ്ട്രീയ, മത, ജാതി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുകയാണ് പുതിയ വിദ്യാഭ്യാസ നയരൂപവത്കരണത്തിന് മുന്നോടിയായി നിയോഗിച്ച വിദഗ്ധ സമിതി. രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ടതോ മത,ജാതി അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ടതോ ആയ വിദ്യാര്‍ഥി സംഘടനകളെയൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂളുകളെയും സര്‍വകലാശാലകളെയും സംബന്ധിച്ച നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ച ശിപാര്‍ശയിലെ മുഖ്യ നിര്‍ദേശം. പഠന കാലാവധിക്കപ്പുറം വിദ്യാര്‍ഥികളെ ക്യാമ്പസുകളില്‍ താമസിക്കാന്‍ അനുദിക്കരുതെന്നാണ് മറ്റൊന്ന്.

സര്‍വകലാശാലകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ പഠന കാലാവധിക്ക് ശേഷവും വര്‍ഷങ്ങളോളം അവിടെ തുടരുകയും ഹോസ്റ്റലുകളില്‍ താമസിക്കുകയും ചെയ്യാറുണ്ട്. ഇവര്‍ പഠനേതര പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്നതായി സമിതി വിലയിരുത്തുന്നു. കലാലയങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും എത്രത്തോളമാകാമെന്നത് സംബന്ധിച്ചു വ്യക്തവും നിഷ്പക്ഷവുമായ നയം കൈക്കൊള്ളണമെന്നും സമിതിക്ക് അഭിപ്രായമുണ്ട്. മദ്രാസ് ഐ ഐ ടിയിലെയും ജെ എന്‍ യു, ഹൈദറാബാദ് സര്‍വകലാശാലകളിലെയും പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍; അത്തരം സംഭവങ്ങള്‍ക്ക് തടയിടുകയാണ് ശിപാര്‍ശകളുടെ ലക്ഷ്യം.
എന്‍ എസ് യു, എസ് എഫ് ഐ, എ ബി വി പി, എ ഐ എസ് എഫ് തുടങ്ങി കലാലയങ്ങളില്‍ നിലവിലുള്ള മിക്ക സംഘടകളും രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളാണ്. സമിതിയുടെ ശിപാര്‍ശ അംഗീകരിക്കുകയും പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുകയും ചെയ്താല്‍ ഈ സംഘടനകള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെടും.

ക്രിയാത്മകവും വിദ്യാര്‍ഥി സമൂഹത്തിന് ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം രാഷ്ട്രീയ ശത്രുത തീര്‍ക്കാനുള്ള വേദിയും നേതാക്കളെ സൃഷ്ടിക്കാനുള്ള പരിശീലന കളരിയുമായി മാറുകയാണ് വിദ്യാര്‍ഥി രാഷ്ട്രീയമെന്നാണ് സമിതിയുടെ നിരീക്ഷണം. തുടര്‍ച്ചയായ പ്രക്ഷോഭങ്ങളും പ്രതിഷേധ സമരങ്ങളും കാരണം ക്ലാസുകള്‍ മുടങ്ങുകയും അധ്യയനക്രമം താറുമാറാകുകയുമാണത്രേ. ഇത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി സമിതി വിലയിരുത്തുന്നു.

വസ്തുതയുടെ ചില അംശങ്ങള്‍ സമിതിയുടെ നിരീക്ഷണത്തിലുണ്ട്. കലാലയങ്ങളിലെ സമാധാനാന്തരീക്ഷത്തിനും അക്കാദമിക് തലത്തിലെ പുരോഗതിക്കും ഭീഷണിയാകുന്ന നിലപാട് പലപ്പോഴും രാഷ്ട്രീയ ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കൊക്കൊള്ളാറുണ്ട്. പഠനത്തിലല്ല പഠിപ്പുമുടക്കിലാണ് താത്പര്യം. സര്‍ക്കാര്‍ സ്‌കൂളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരമാണ്. അതേസമയം ഇപ്പേരില്‍ വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് അപകടമാണ്. വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് സംഘടിതമായി രംഗത്തിറങ്ങേണ്ടി വരും. ഭരണ തലത്തില്‍ നിന്നുള്ള അവഗണനക്കും വിവേചനത്തിനുമെതിരെ വിദ്യാര്‍ഥി സമൂഹത്തിന് കൂട്ടായ പോരാട്ടം അനിവാര്യമാകും. സ്വാതന്ത്ര്യ സമരത്തില്‍ പോലും വിദ്യാര്‍ഥികള്‍ പങ്കെടുത്തിട്ടുണ്ട്.

സംഘടനകളെ നിരോധിക്കുകയല്ല, നിയന്ത്രിക്കുകയും രാഷ്ട്രീയ അതിപ്രസരത്തിന് പരിഹാരം കാണുകയുമാണ് വേണ്ടത്.
ക്യാമ്പസുകളിലെ ദളിത്- മുസ്‌ലിം വിദ്യാര്‍ഥി മുന്നേറ്റങ്ങളെ തടയുകയാണ് മത-ജാതി അടിസ്ഥാനത്തിലുള്ള വിദ്യാര്‍ഥി കൂട്ടായ്മകളുടെ അംഗീകാരം റദ്ദാണമെന്ന സമിതി നിര്‍ദേശത്തിന് പിന്നില്‍. ഭരണ സംവിധാനമുപയോഗിച്ചും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മറവിലും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ദളിത്, മുസ്‌ലിം നേതൃത്വങ്ങളുടെ കീഴില്‍ ക്യാമ്പസുകളില്‍ ശക്തി പ്രാപിക്കുന്ന പ്രതിഷേധത്തിന്റെ കൊടുങ്കാറ്റും ചെറുത്തു നില്‍പ്പും സംഘ്പരിവാര്‍ വൃത്തങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ചു ഇവ അടച്ചമര്‍ത്താനാകില്ലെന്നും പ്രത്യുത വിപരീത ഫലമുളവാക്കുമെന്നും ജെ എന്‍ യു, ഹൈദരാബാദ് സംഭവങ്ങളില്‍ നിന്ന് ബോധ്യമായതാണ്. അത്തരം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ നിരോധിക്കാനുള്ള ചിന്ത ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളേക്കാളും സാംസ്‌കാരിക, ദളിത് കൂട്ടായ്മകളെയാണ് അവര്‍ക്ക് ഭയം. കലാലയങ്ങളിലെ ഹിന്ദുത്വ അധിനിവേശത്തിനുള്ള മുഖ്യ വിലങ്ങു തടിയായി സംഘ്പരിവാര്‍ കാണുന്നത് ഇത്തരം ചെറുത്തു നില്‍പ്പുകളെയാണ്. രാഷ്ട്രീയ പ്രതിയോഗികളെ പ്രലോഭനങ്ങളിലൂടെയും കുതിരക്കച്ചവടത്തിലൂടെയും നിശ്ശബ്ദരാക്കാനായെന്ന് വരാം. എന്നാല്‍ വര്‍ഗീയ ഫാസിസത്തിനെതിരെ ഉയര്‍ന്നു വരുന്ന ത്വാത്വികമായ പ്രതിരോധങ്ങളെ ഭേദിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ സംഘടനാ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടത് കൊണ്ട് വിദ്യാര്‍ഥി സമൂഹത്തില്‍ നാമ്പിടുന്ന വിപ്ലവ വിമോചന ചിന്തകളെ ഉന്മൂലനം ചെയ്യാനാകുമോ?

Latest