കാവാലം മലയാളത്തിന്റെ തനത് നാടകാചാര്യന്‍

Posted on: June 27, 2016 6:50 am | Last updated: June 27, 2016 at 12:50 am

KAVALAM 2തിരുവനന്തപുരം: മലയാള തനത് നാടകവേദി രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനത് നാടകവേദി എന്ന പരീക്ഷണം അന്നുവരെ കേരളം കണ്ട നാടക രീതികളില്‍ നിന്ന് വലിയ മാറ്റമായിരുന്നു. സാക്ഷി, തിരുവാഴിത്താന്‍, ജാബാലാ സത്യകാമന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കരിംകുട്ടി, നാടകചക്രം (ഏകാങ്ക നാടകങ്ങളുടെ സമാഹാരം), കൈക്കുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങള്‍ അക്കാലത്ത് ഇന്ത്യന്‍ നാടകവേദിക്ക് നവ്യാനുഭവമാണ് നല്‍കിയത്.

കുട്ടനാട്ടിലെ കാവാലമെന്ന ഗ്രാമത്തില്‍ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രില്‍ 28ന് ജനിച്ച കാവാലം നാരായണപ്പണിക്കര്‍ ഇരുപതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി കുമ്മാട്ടി, ചക്കീചങ്കരം തുടങ്ങി അഞ്ച് നാടകങ്ങളും രചിച്ചു. ഭാസന്റെതുള്‍പ്പെടെ ഒട്ടനേകം നാടകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മധ്യമവ്യായോഗം, കര്‍ണഭാരം, ദൂതകാവ്യം തുടങ്ങി ചില പ്രസിദ്ധ സംസ്‌കൃത നാടകങ്ങളും അദ്ദേഹം വേദിയില്‍ സംവിധാനം ചെയ്തവതരിപ്പിച്ചു. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച കര്‍ണഭാരം അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
1978ല്‍ ഭരതന്റെ രതിനിര്‍വേദം എന്ന സിനിമക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി ഗാനങ്ങള്‍ എഴുതുന്നത്. വാടകക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, പടയോട്ടം, ചില്ല്, സൂര്യന്‍, വിടപറയും മുമ്പേ, ആമ്പല്‍പ്പൂവ്, വേനല്‍, സ്വത്ത്, പവിഴമുത്ത്, പെരുവഴിയമ്പലം, തമ്പുരാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. അറുപതിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.
കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാര്‍ഡുകള്‍, കേരള സംസ്ഥാന സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാനം, നന്ദികര്‍ നാഷനല്‍ അവാര്‍ഡ്, 1975ല്‍ സംഗീതനാടക അക്കാദമിയുടെ ദേശീയ പുരസ്‌കാരം എന്നിങ്ങനെ നാടകരചനകള്‍ക്കും കലാപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരവധി അംഗീകാരങങള്‍ അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. കേരള സംഗീതനാടക അക്കാദമിയുടെ സെക്രട്ടറിയായും നാടകസങ്കേതങ്ങളായ തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടറായും കാവാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളില്‍നിന്നുള്ള പഠനം കഴിഞ്ഞ് കോട്ടയം സി എം എസ് കോളജ്, ആലപ്പുഴ എസ് ഡി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1955 മുതല്‍ വക്കീലായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ആറ് വര്‍ഷം അത് തുടര്‍ന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതല്‍ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു. 1961ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനായി തൃശൂരിലേക്ക് പ്രവര്‍ത്തനരംഗം മാറ്റിയത് മുതല്‍ കലാ, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയം ചെലവഴിച്ചുതുടങ്ങി.