കലബുറഗി റാഗിംഗ്: അശ്വതിയുടെ മൊഴി രേഖപ്പെടുത്തി

Posted on: June 27, 2016 1:10 pm | Last updated: June 27, 2016 at 1:15 pm

stop raggingകോഴിക്കോട്: കര്‍ണ്ണാടകയിലെ കലബുറഗി അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജില്‍ റാഗിംഗിന് ഇരയായ എടപ്പാളിലെ ദളിത് വിദ്യാര്‍ഥിനി അശ്വതി(18)യില്‍ നിന്ന് കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘം മൊഴിയെടുത്തു. ഡിവൈഎസ്പി ജാന്‍വിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് മൊഴിയെടുത്തത്. രണ്ട് എസ്‌ഐമാര്‍, രണ്ട് എഎസ്‌ഐമാര്‍, ഒരു വനിതാ എഎസ്‌ഐ, രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് കര്‍ണാടക പോലീസ് സംഘത്തിലുളളത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആര്‍ വ്യാഴാഴ്ച കര്‍ണാടക പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൃഷ്ണ പ്രിയ, ആതിര, ലക്ഷ്മി എന്നിവരാണ് റിമാന്‍ഡിലായത്. മറ്റൊരു വിദ്യാര്‍ഥിനിയായ ശില്‍പ ജോയ്‌സിനെ അറസ്റ്റ് ചെയ്തിട്ടില്ല.

പൊള്ളലിന്റെ തീവ്രത മനസിലാക്കാന്‍ അശ്വതിക്ക് എന്‍ഡോസ്‌കോപ്പി ചെയ്‌തെങ്കിലും അന്നനാളത്തില്‍ ദ്വാരം കണ്ടെത്തിയതിനാല്‍ ഭക്ഷണം നല്‍കാനാകില്ല. ചൊവ്വാഴ്ച വീണ്ടും എന്‍ഡോസ്‌കോപ്പി ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അശ്വതിയുടെ ബന്ധുക്കളെ അറിയിച്ചു. ദ്രാവകം കൊണ്ട് പൊളളിയ ആന്തരികാവയവങ്ങളിലെ മുറിവുകള്‍ ഉണങ്ങിയാല്‍ മാത്രമേ ഉടന്‍ ശസ്ത്രക്രിയ ഉണ്ടാവുകയുളളൂ.