മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന സജീവം

Posted on: June 25, 2016 12:55 pm | Last updated: June 25, 2016 at 12:55 pm

Drug-Mafia-Ladiesതിരൂരങ്ങാടി: വിദ്യാര്‍ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന സജീവമാകുന്നു. തിരൂരങ്ങാടി, ചെമ്മാട്, വെന്നിയൂര്‍, മൂന്നിയൂര്‍, ഏആര്‍ നഗര്‍, കക്കാട് ഭാഗങ്ങളിലാണ് വിദ്യാര്‍ഥികളെ മയക്ക് മരുന്ന് ലോബി ഉപയോഗിക്കുന്നത്. ഏതാനും ദിവസം മുമ്പ് വെന്നിയൂരില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ഒരു കുട്ടിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു.
എക്‌സൈസ് വിഭാഗം നടത്തിയ കൗണ്‍സിലിംഗില്‍ ഈ വിദ്യാര്‍ഥി മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് കണ്ടെത്തുകയുണ്ടായി. തിരൂരങ്ങാടിയിലെ ചില സ്‌കൂളുകളിലെ ചില വിദ്യാര്‍ഥികളേയും കഞ്ചാവ് സംഘങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് കുട്ടികള്‍ മുഖേനെ മയക്കുമരുന്ന് ആളുകള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ മേഖലയിലെ ചില വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്വഭാവ മാറ്റം ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ നെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഏഴും എട്ടും ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍വരെ ഇതില്‍ പെട്ടിട്ടുള്ളതായാണ് വിവരം. ചുരുക്കം ചില പെണ്‍കുട്ടികളും ഇതില്‍ പെടുന്നതായി സൂചനയുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലെ ചില കടകള്‍ ഇതിന്റെ കേന്ദ്രങ്ങളാണ്. കുട്ടികള്‍ക്ക് യഥേഷ്ടം പണം ലഭിക്കുന്നതിന് പുറമെ ഇവര്‍ വഴി തെറ്റിപോവുകയാണ് ഇത് മൂലം സംഭവിക്കുന്നത്. പലപ്പോഴും കുട്ടികള്‍ മയക്കുമരുന്നിന്റെ അടിമകളായി മാറിയ ശേഷമാണ് രക്ഷിതാക്കള്‍ അറിയുന്നത്.