നക്ഷത്ര ഹോട്ടലുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

Posted on: June 23, 2016 8:31 pm | Last updated: June 23, 2016 at 8:31 pm
നക്ഷത്ര പദവിയുള്ള ഹോട്ടലിന്റെ പാചകശാലയില്‍ നഗരസഭാ അധികൃതര്‍  പരിശോധന നടത്തുന്നു
നക്ഷത്ര പദവിയുള്ള ഹോട്ടലിന്റെ പാചകശാലയില്‍ നഗരസഭാ അധികൃതര്‍
പരിശോധന നടത്തുന്നു

ദോഹ: നഗരത്തിലെ 29 നക്ഷത്ര ഹോട്ടലുകളില്‍ നഗരസഭാ പരിസ്ഥിതി മന്ത്രാലയം പരിശോധന നടത്തി. എട്ടു കാമ്പയിനുകളിലായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഓള്‍ഡ് സലത്വ, വെസ്റ്റ് ബേ, ദഫ്‌ന, നജ്മ, ദി പേള്‍, ലഖ്താഫിയ, ഡിപ്ലോമാറ്റിക് ഡിസ്ട്രിക്ട്, റാസ് അബു അബൂദ് തുടങ്ങിയ പ്രദേശങ്ങളിലെ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് പരിശോധന നടന്നത്.
ഈ മാസം 14നാണ് പരിശോധനാ കാമ്പയിന്‍ ആരംഭിച്ചത്. ഹോട്ടലുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ആരോഗ്യ സുരക്ഷ, ശുചീകരണം, സ്റ്റോറേജ്, അറ്റകുറ്റ പണികള്‍ തുടങ്ങിയവക്കായുള്ള നിബന്ധനകള്‍ പാലിക്കപ്പെടാത്തതായി കണ്ടെത്തി. മാലിന്യ സംസ്‌കരണത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതും നഗരസഭകളില്‍ നിന്നും ലൈസന്‍സെടുക്കാത്തതും ശ്രദ്ധയില്‍ പെട്ടു.
കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ ഉപയോഗവും ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജവനക്കാര്‍ പ്രവര്‍ത്തിക്കുന്നതും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ, ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
അതേസമയം, കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടികൂടുന്നത് കുറഞ്ഞിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍. റമസാനില്‍ വില്‍പ്പന വര്‍ധിച്ചതും കുറഞ്ഞ അളവില്‍ ഭക്ഷണ സാധനങ്ങള്‍ സംഭരിക്കുന്നതുമാണ് ഇതിന് കാരണമെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അധിക റസ്റ്റോറന്റുകളും ഭക്ഷണശാലകളും ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതാണ് കാലാവധി കഴിയുന്നതിലേക്ക് നയിക്കുന്നത്. അനാരോഗ്യ ചുറ്റുപാടില്‍ ദീര്‍ഘകാലം ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഇവ കേടുവരുന്നതിന് ഇടയാക്കും. റമസാനില്‍ ഇവ പെട്ടെന്ന് വില്‍ക്കാന്‍ സാധിക്കും. ഭക്ഷണശാലകളില്‍ കര്‍ശന പരിശോധനയാണ് റയ്യാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തുന്നത്. ജനത്തിരക്കേറിയ ചില ഭക്ഷണശാലകള്‍ നിയമലംഘനം നടത്തിയതായി പരിശോധകര്‍ കണ്ടെത്തിയിട്ടുണ്ട്.
വൃത്തിയുള്ള ഭക്ഷണം എന്നത് പ്രധാന ഘടകമാണെന്നും ഇതിലാണ് അധിക ഭക്ഷണശാലകളും പരാജയപ്പെടുന്നതെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഗ്ലൗസ് ഉപയോഗിക്കാതെയാണ് അധിക ജോലിക്കാരും ഭക്ഷണം പാചകവും വിതരണവും ചെയ്യുന്നത്. വൃത്തിയില്ലാത്ത ഇടങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുകയും ചെയ്യും. ഇവ ഇല്ലാതാക്കാന്‍ ജോലിക്കാര്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്. ഓരോ ആറ്, ഏഴ് മാസം കൂടുമ്പോള്‍ ജോലിക്കാരെ മാറ്റുന്നതും പ്രശ്‌നമാണ്.