സത്കരിക്കാം സദുദ്ദേശ്യത്തോടെ

Posted on: June 23, 2016 6:00 am | Last updated: June 23, 2016 at 12:42 am

ifthar1സത്കാരം ഏറെ മഹത്വമുള്ള കാര്യമാണ്. വലിയ പ്രാധാന്യത്തോടെയാണ് ഇസ്‌ലാം ഇതിനെ അവതരിപ്പിക്കുന്നത്. പ്രവാചകചര്യ നിലനിര്‍ത്തുന്നുവെന്നത് കൂടാതെ അതിഥിയും ആതിഥേയനും പരസ്പരം സന്തോഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന ശ്രേഷ്ഠതകൂടി ഇതിനുണ്ട്. ബന്ധുക്കളെയും അയല്‍ക്കാരെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നാം വീടുകളിലേക്കു ക്ഷണിക്കാറുണ്ട്. ഇത് ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ അനിവാര്യമാണെന്ന് മാത്രമല്ല വീടിന് ഐശ്വര്യവുമാണ്.
സത്‌സ്വഭാവികളെയും നല്ലവരെയും വീട്ടിലേക്ക് ക്ഷണിക്കുന്നതാണ് ഉത്തമം. അതേസമയം, പ്രമാണിമാരെയും പ്രമുഖരെയും മാത്രം വിളിച്ച് കൂട്ടിയുള്ള സത്കാരങ്ങള്‍ പാടില്ല. സമൂഹത്തിന്റെ താഴേതട്ടിലുള്ളവരെ അവഗണിക്കുന്നുവെന്ന കാരണം കൊണ്ടാണത് പ്രോത്സാഹിപ്പിക്കപ്പെടാത്തത്. പാവപ്പെട്ടവനെ ഒഴിവാക്കി സമ്പന്നരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള സദ്യയില്‍ വിളമ്പുന്ന ഭക്ഷണമാണ് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മോശമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
സമ്പന്നന്റെ ക്ഷണം മാത്രം സ്വീകരിക്കുകയും പാവപ്പെട്ടവന്റേത് അവഗണിക്കുകയും ചെയ്യുന്ന പ്രവണതയും അരുത്. ഇത് വെറുക്കപ്പെട്ടതും അഹങ്കാരികളുടെ ലക്ഷണവുമാണ്. പ്രവാചക പൗത്രന്‍ ഹസനുബ്‌നു അലി (റ)യുടെ ചരിത്രം ഈ വിഷയത്തില്‍ മാതൃകാപരമാണ്. ദരിദ്രരായ ഒരു വിഭാഗം ആളുകളുകള്‍ക്കിടയിലൂടെ അദ്ദേഹം യാത്ര ചെയ്ത്‌കൊണ്ടിരിക്കേ അവരോട് സലാം പറഞ്ഞു. അവര്‍ സലാം മടക്കുകയും സ്വഹാബിയെ അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഹസന്‍ (റ) ഒട്ടകപ്പുറത്തുനിന്നിറങ്ങി അവരോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന മഹത് വചനം അറിയിച്ച് കൊടുക്കുകയും ചെയ്തു. പിരിയാന്‍ നേരം അവരോട് അദ്ദേഹം പറഞ്ഞു- ഞാന്‍ നിങ്ങളുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. നിങ്ങള്‍ എന്റെ ക്ഷണവും സ്വീകരിക്കണം. അവിടെ വെച്ചുതന്നെ അവര്‍ക്ക് സൗകര്യമുള്ള ഒരു സമയം നിശ്ചയിച്ച് കൊടുക്കുകയും ആ സമയം അവര്‍ സ്വഹാബിയുടെ വീട്ടില്‍ പോകുകയും ഹസന്‍ (റ) അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. ആതിഥ്യം കൊണ്ട് ആളുകളെ വിളിച്ച്കൂട്ടി പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കലോ അത് സ്വീകരിക്കല്‍ കൊണ്ട് കേവലം ഭക്ഷണം കഴിച്ച് വയര്‍ നിറക്കലോ ആണ് ലക്ഷ്യമെങ്കില്‍ ഇതിന്റെ സദുദ്ദേശ്യം നഷ്ടപ്പെടും. ഇതിലെ നന്മയും മഹത്വവും മനസ്സിലാക്കുകയും അതുള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമായിരിക്കുമ്പോഴാണ് ഇത് പ്രതിഫലാര്‍ഹമാകുന്നതും. ഒരാളെ വീട്ടിലേക്ക് ക്ഷണിക്കലും അതിനുത്തരം നല്‍കലും മാത്രമല്ല പുണ്യം. അവിടെ ഭക്ഷണം വിളമ്പലും അത് ഭക്ഷിക്കലും അതിഥിക്കു വേണ്ട സൗകര്യം ചെയ്തുകൊടുക്കലും നല്ല നിലക്ക് പിരിയലും നന്മയാണ്. അതിഥിയെ ഒരു നിലക്കും പ്രയാസപ്പെടുത്തരുത്. ബുദ്ധിമുട്ടാക്കുന്ന തരത്തില്‍ ഭക്ഷണം കഴിപ്പിക്കാനും പാടില്ല. നിങ്ങള്‍ അതിഥിയെ കീര്‍ത്തിക്കരുത്. അത് അവനെ ദേഷ്യം പിടിപ്പിക്കും. ആരെങ്കിലും അതിഥിയെ ദേഷ്യം പിടിപ്പിച്ചാല്‍ അവന്‍ അല്ലാഹുവിനെ കോപാകുലനാക്കുന്നതും അതുവഴി അവന്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹനാകുന്നതുമാണെന്ന് ഹദീസില്‍ നിന്ന് വായിക്കാവുന്നതാണ്.