പാണക്കാട്‌ മുനവ്വറലി തങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ പത്രത്തില്‍ വാര്‍ത്ത

>>ലീഗിലെ ചില നേതാക്കള്‍ കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുകയാണെന്ന് >>മുസ്ലിംലീഗില്‍ വിവാദം പുകയുന്നു
Posted on: June 22, 2016 1:00 pm | Last updated: June 22, 2016 at 2:31 pm
SHARE

munavvarali thangal1കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവ് അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ യൂത്ത് ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയുടെ പേരില്‍ ലീഗില്‍ കടുത്ത വിവാദം .
കാസര്‍കോട്ടെ ചില യൂത്ത്‌ലീഗ്, എം എസ് എഫ് ഭാരവാഹികളുടെ ഉടമസ്ഥതയിലുള്ളതാണ് ഓണ്‍ലൈന്‍ പത്രം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം മുതല്‍ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഒരു ചെരുപ്പ് കടയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചതിന്റെ പേരിലാണ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ചത്.
യൂത്ത് ലീഗിന്റെ മണ്ഡലം ഭാരവാഹിയുടെ മേല്‍നോട്ടത്തില്‍ ഈയടുത്ത് പൊട്ടിമുളച്ച ഒന്നാന്തരം തട്ടിപ്പ് കമ്പനിയാണ് ഇതിന്റെ നടത്തിപ്പുകാരെന്ന് ലീഗുകാര്‍ തന്നെ പറയുന്നു. മുനവ്വറലി തങ്ങള്‍ ലീഗ് വിരുദ്ധന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ സംബന്ധിച്ചതിനെതിരെ പ്രാദേശിക ലീഗ് നേതൃത്വം രംഗത്തിറങ്ങിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മണ്ഡലം കമ്മിറ്റിയോ, മറ്റു ഭാരവാഹികളോ ഇത്തരമൊരു സംഭവം അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. വാര്‍ത്ത മെനയാന്‍ പാര്‍ട്ടിയെ നേതാക്കള്‍ തന്നെ മറയാക്കിയെന്നാണ് ഇപ്പോള്‍ ലീഗിനുള്ളിലെ ആക്ഷേപം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പരസ്യമായി രംഗത്തുവന്ന ആളുടെ കടയുടെ ഉദ്ഘാടനത്തിന് മുനവ്വറലി തങ്ങള്‍ എത്തുന്നുവെന്നായിരുന്നു ഓണ്‍ലൈന്‍ പത്രത്തിലുണ്ടായിരുന്നത്. ലീഗിലെ ചില നേതാക്കള്‍ കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുകയാണെന്നാണ് ഇതേകുറിച്ച് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്.
തുടക്കത്തില്‍ ലീഗിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും പിന്നീട് ലീഗിനെതിരെ തന്നെ പാര പണിയുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് പ്രമുഖ ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ കുഴിയില്‍ ചാടിക്കാനും ഇവര്‍ വാര്‍ത്തകള്‍ മെനഞ്ഞതായി ചില ലീഗ് നേതാക്കള്‍ സിറാജിനോട് പറഞ്ഞു. എം എല്‍ എയുടെ വീട്ടിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ അഴിമതിയാരോപണം ഉന്നയിച്ച് തിരഞ്ഞെടുപ്പ് ഫലം ബി ജെ പി സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളിലുണ്ടായത്. ഇതിന് പിന്നാലെ കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ പോലീസ് മര്‍ദിച്ചതിന്റെ പേരിലും ഈ പത്രവും പിന്നിലുള്ളവരും സോഷ്യല്‍ മീഡിയയിലൂടെ എം എല്‍ എയെയും ലീഗ് നേതാക്കളെയും വേട്ടയാടി.
എം എല്‍ എ ഉള്‍പെടെയുള്ള ലീഗ് നേതാക്കള്‍ ഈ സംഭവത്തില്‍ മൗനം പാലിച്ചുവെന്നും വാര്‍ത്ത വന്നു. ഇതോടെ വിവാദ പോര്‍ട്ടലിനെതിരെ ലീഗ് യോഗങ്ങളില്‍ ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചു.
കാസര്‍കോട്ടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് സംബന്ധിച്ച് ലീഗ് നേതൃത്വത്തിന് ആക്ഷേപമൊന്നുമില്ലെന്നും എതിര്‍പ്പുമായി ലീഗ് പ്രാദേശികനേതൃത്വം രംഗത്തുവന്നതായി അറിയില്ലെന്നും ഇതുസംബന്ധിച്ച് ഒരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here