പാരമ്പര്യം കാത്തുസൂക്ഷിച്ച് ഇസ്‌ലാമിനെ മുറുകെ പിടിക്കുക: പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി

Posted on: June 21, 2016 11:03 pm | Last updated: June 21, 2016 at 11:03 pm
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അഥിതി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അബുദാബി ഇസ്‌ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അഥിതി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അബുദാബി ഇസ്‌ലാമിക് സെന്ററില്‍ പ്രഭാഷണം നടത്തുന്നു.

അബുദാബി: നബിയും അനുചരന്മാരും കാണിച്ചുതന്ന പാരമ്പര്യം കാത്തുസൂക്ഷിച്ച് ഇസ്‌ലാമിനെ മുറുകെ പിടിക്കണമെന്ന് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും യു എഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവരമുള്ളവരും അറിവുള്ളവരും കുറഞ്ഞ് വരികയും പ്രസംഗികര്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന കാലഘട്ടമാണിത്. നബിയുടേയും അനുചരന്മാരുടെയും സ്രേഷ്ഠത ലഭിക്കണമെങ്കില്‍ പാരമ്പര്യത്തെ മുറുകെ പിടിക്കണം.
റമസാന്‍ മാസത്തില്‍ പവിത്രത കൂടുതലാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കണം. രാത്രികള്‍ ആരാധനകൊണ്ട് ധന്യമാക്കണം. സാധാരണ കാലഘട്ടത്തില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ റമസാനില്‍ ഇരട്ടി പ്രതിഫലം ലഭിക്കും. മനുഷ്യന്റെ ജീവിതവും ആയുസ്സും ഐസ് അലിഞ്ഞു തീരുന്നതുപോലെ അലിഞ്ഞു തീരുകയാണ്. ഭൗതികമായ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ദുഷ്‌കര്‍മത്തില്‍നിന്നും പിന്തിരിയുകയും സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണം. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞ മാസമാണ് റമസാന്‍. ചെയ്തുപോയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അല്ലാഹുവിനോട് മാപ്പപേക്ഷിക്കണം. മനുഷ്യന്റെ ശരീരവും മസ്സും കഴുകി വൃത്തിയാക്കി ശുദ്ധിയാക്കുവാനുള്ള മാസമാണ് റമസാന്‍. അല്ലാഹുവിനോട് ഖേദിച്ച് മടങ്ങിയാല്‍ അല്ലാഹു മനുഷ്യന്റെ എല്ലാ പാപങ്ങളും പൊറുത്തുനല്‍കും. അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി തിരുവത്ര, പി വി അബൂബക്കര്‍ മൗലവി, ഉമ്മര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ് പ്രസംഗിച്ചു. ഹംസ അഹ്‌സനി സ്വാഗതവും ലത്വീഫ് ഹാജി നന്ദിയും പറഞ്ഞു.