പ്രശസ്ത സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

Posted on: June 19, 2016 11:52 am | Last updated: June 19, 2016 at 11:52 am

PAUL COXമെല്‍ബണ്‍: പ്രമുഖ ഓസ്‌ട്രേലിയന്‍ ചലച്ചിത്രകാരന്‍ പോള്‍ കോക്‌സ് (76) അന്തരിച്ചു. ഓസ്‌ട്രേലിയയില്‍ സ്വതന്ത്ര സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ചലച്ചിത്രകാരനാണ് കോക്‌സ്. ഓസ്‌ട്രേലിയന്‍ ഡയറക്‌ടേഴ്‌സ് ആണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

20 ഓളം ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കോക്‌സ് നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മാന്‍ ഓഫ് ദ ഫ്‌ളവേഴ്‌സ്, ഫോഴ്‌സ് ഓഫ് ഡെസ്റ്റ്‌നി, ലോണ്‍ലി ഹാര്‍ട്ട്‌സ്, മൈ ഫസ്റ്റ് വൈഫ്, ഇന്നസന്‍സ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങള്‍. തന്റേതുള്‍പ്പെടെയുള്ള ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും തന്റെതന്നെ ഇരുപതോളം ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്. കോക്‌സിന്റെ ചിത്രങ്ങള്‍ ഓസ്‌ട്രേലിയയ്ക്കു പുറത്താണ് കൂടുതലായും സ്വീകരിക്കപ്പെട്ടത്.
1940ല്‍ നെതര്‍ലന്‍ഡിലാണ് ജനിച്ചത്. 1963ല്‍ ഫോട്ടോഗ്രാഫി പഠനത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് കോക്‌സിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു കോക്‌സ് ചിത്രങ്ങള്‍. തവോര്‍മിന ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്സി പുരസ്‌ക്കാരവും ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2012ലെ കേരള ചലച്ചിത്രമേളയില്‍ കോക്‌സ് ആയിരുന്നു ജൂറി ചെയര്‍മാന്‍.