ഫിറ്റ്‌നസ് കിട്ടാതെ പൂട്ടിയ സ്‌കൂള്‍ തുറക്കാന്‍ നാട്ടുകാരുടെ അടിയന്തര അറ്റകുറ്റപണി

Posted on: June 18, 2016 9:14 am | Last updated: June 18, 2016 at 9:14 am
SHARE

gupമലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് മൂലം മലപ്പുറം എ ഇ ഒ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട മുണ്ടിതൊടികയിലെ ഗവ. സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കി. മേല്‍ക്കൂര ദ്രവിച്ച് നിലംപൊത്താറായ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തത് കാരണം വ്യാഴാഴ്ച രാവിലെയാണ് സ്‌കൂള്‍ പൂട്ടാന്‍ എ ഇ ഒയുടെ ഉത്തരവ് വന്നത്. ബുധനാഴ്ച കെട്ടിടം പരിശോധിച്ച എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്വകാര്യ ഉടമയുടെ കെട്ടിടത്തില്‍ വാടകക്ക് പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂളിന്റെ അറ്റകുറ്റ പണികള്‍ കഴിഞ്ഞ അവധിക്കാലത്തും നടത്തിയിരുന്നില്ല. ഉത്തരവ് വന്നയുടന്‍ അറ്റകുറ്റപണികള്‍ ചെയ്തു തീരുന്നത് വരെ സ്‌കൂള്‍ പൂട്ടുകയാണെന്ന് നോട്ടീസ് പതിച്ചു സ്‌കൂളിന് താഴിട്ടു.
പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടെയും അധ്യാപകരുടെയും അടിയന്തിര മീറ്റിംഗ് വിളിക്കുകയും എത്രയും വേഗം അറ്റകുറ്റ പണികള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ വാട്‌സ്ആപ് സന്ദേശം മുഖേനയും മറ്റും യുവാക്കളെ സംഘടിപ്പിച്ച് രാത്രി തന്നെ രണ്ട് ബ്ലോക്കിലായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ മുഴുവന്‍ ഓടുകളും താഴെയിറക്കി, താത്ക്കാലിക ഷീറ്റിട്ടു. ഇന്നലെ രാവിലെത്തന്നെ മുഴുവന്‍ പട്ടികയും കേടായ കഴുക്കോലുകളും മാറ്റി രാത്രിയോടെ ഓടുമേഞ്ഞു പൂര്‍ത്തിയാക്കി.
പി ടി എ കമ്മിറ്റിയംഗങ്ങളായ കൊടക്കാടന്‍ ഉസ്മാന്‍, മോഴിക്കല്‍ സത്താര്‍ ബാവ, സ്‌കൂള്‍ അധ്യാപകന്‍ എന്‍ ഇബ്‌റാഹീം, മെമ്പര്‍മാരായ മുഹമ്മദ് മുസ്തഫ, യൂസുഫ് ഹാജി, ചുണ്ടയില്‍ റിയാസ്, ശിഹാബ് പൂക്കോട്ടൂര്‍, എന്‍ സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നൂറോളം യുവാക്കള്‍ കര്‍മനിരതരായത്. ശനിയാഴ്ച തന്നെ പതിവു പോലെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് പി ടി എകമ്മിറ്റിയുടെ പ്രതീക്ഷ. ജനപങ്കാളിത്തത്തോടെ വാങ്ങിയ സ്ഥലത്ത് സര്‍ക്കാര്‍ വക പുതിയ കെട്ടിടം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് പി ടി എ കമ്മിറ്റി.