ഒമാനില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലചെയ്ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍

Posted on: June 16, 2016 8:27 pm | Last updated: June 16, 2016 at 11:34 pm

JOHN PHILIPമസ്‌കത്ത്:പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ആറ് ഒമാന്‍ സ്വദേശികള്‍ അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പൊലീസ്. കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍കണ്ടെത്തിയത്. തനാമിനും ഫഹൂദിനും ഇടയില്‍ മസ്രൂക്ക് എന്ന സ്ഥലത്തത്തു വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി മുതലാണ് ജോണ്‍ ഫിലിപ്പിനെ കാണാതായത്. ഹഫീത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
സുനീന പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു ജോണ്‍ ഫിലിപ്പ്. കടയുടെ ഉള്‍ഭാഗത്ത് രക്തം വാര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. ജോണ്‍ ഫിലിപ്പ് ഒറ്റക്കാണ് പമ്പില്‍ ജോലിക്കുണ്ടായിരുന്നത്. രാത്രി പത്ത് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഓഫീസിലേക്ക് കയറിയ ജോണിനെ അക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു. സി സി ടിവി ക്യാമറകളും മോഷണം പോയിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന പെട്രോള്‍ പമ്പില്‍ നിന്നും 5,000 റിയാലും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. ജോണ്‍ ഫിലിപ്പന്റെ റസിഡന്‍സ് കാര്‍ഡും മൊബൈല്‍ ഫോണും ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു. അക്രമണം നടന്ന പമ്പിലും പരിസങ്ങളിലും പോലീസെത്തി തെളിവെടുത്തിരുന്നു. ഹഫീത്് – ബുറൈമി റോഡില്‍ നിന്നും 20 കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണ് സുനീന. ഇവിടുത്തെ ഈവനിംഗ് ഷിഫ്റ്റ് ജോലിക്കാരനായിരുന്നു ജോണ്‍ ഫിലിപ്പ്.