വിലക്കയറ്റത്തിനെതിരെ

Posted on: June 14, 2016 10:23 pm | Last updated: June 14, 2016 at 10:23 pm

dubai marketറമസാനില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാനും ഭക്ഷ്യ ദൗര്‍ലഭ്യം ഒഴിവാക്കാനും ഗള്‍ഫ് ഭരണകൂടങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ നടപടി തുടങ്ങിയിരുന്നു. മികച്ചവ തന്നെയാണോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്നറിയാന്‍ ഇടക്കിടെ പരിശോധനയുമുണ്ട്.
ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന ഭരണകൂടങ്ങളെ പ്രശംസിച്ചേ മതിയാകൂ. ഉപഭോക്താക്കളുടെ ആത്മ വിശ്വാസം വര്‍ധിക്കാന്‍ ഇത്തരം നടപടികള്‍ കാരണമാകുന്നു. ഇത്, കമ്പോളത്തിന് ഗുണകരമാണ്. കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിറ്റുപോകും. വാണിജ്യ മേഖലയില്‍ സജീവത നിലനില്‍ക്കും.
പഴം പച്ചക്കറി, അരി പയറുവര്‍ഗങ്ങള്‍, മത്സ്യ മാംസാദികള്‍, പാലുല്‍പന്നങ്ങള്‍ എന്നിവ ഉപഭോക്താവ് നിരന്തരം വാങ്ങുന്നവയാണ്. അടിസ്ഥാന ആവശ്യങ്ങളാണിത്. റമസാനില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ കൂടുതലായി വിറ്റുപോകും. ഗള്‍ഫില്‍ ഇത് മുന്‍കൂട്ടിക്കണ്ട്, വില വര്‍ധിപ്പിക്കാനോ കൃത്രിമക്ഷാമമുണ്ടാക്കാനോ ശ്രമിച്ചാല്‍ വിജയിക്കില്ല. കമ്പോളത്തില്‍ അധികൃതര്‍ നിരന്തരം ഇടപെടുന്നു. ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണിത്.
അതിനപ്പുറം, അവശ്യസാധനങ്ങള്‍ക്ക് വിലകുറക്കാനുള്ള നടപടി യു എ ഇ വാണിജ്യമന്ത്രാലയം നേരത്തെ തന്നെ കൈക്കൊണ്ടു. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളുമായി ഇതിനുവേണ്ടി ചര്‍ച്ച നടത്തി. ചില ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ഏര്‍പ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങള്‍ മിക്കവയും വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നവയാണ്. സ്വാഭാവികമായും, ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രതികൂല കാലാവസ്ഥയോ സാംക്രിമിക രോഗങ്ങളോ അനുഭവപ്പെട്ടാല്‍ ഇറക്കുമതി രാജ്യങ്ങളിലും അത് പ്രതിഫലിക്കും. ഉല്‍പന്നങ്ങള്‍ മതിയായ തോതില്‍ ലഭിക്കാതെയാകും. ഭാഗ്യവശാല്‍, ഇത്തവണ അങ്ങിനെയൊരു പ്രതിസന്ധി രൂപപ്പെട്ടില്ല.
ആരോഗ്യമുള്ള സമൂഹമാണ് എല്ലാ ഭരണകൂടങ്ങളും ലക്ഷ്യം വെയ്ക്കുന്നത്. ആരോഗ്യത്തെ ബാധിക്കുന്ന ഉല്‍പന്നങ്ങള്‍ കമ്പോളത്തിലെത്താതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നു. യു എ ഇയിലും ഖത്തറിലും മറ്റും നഗരസഭകളും വ്യാപക പരിശോധന നടത്തുന്നു.
റസ്റ്റോറന്റുകളും കഫ്‌ത്തേരിയകളും ശുചിത്വം പാലിക്കാന്‍ നിര്‍ബന്ധിതരാണ്. നോമ്പുതുറ വിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കണമെന്ന പ്രത്യേകം നിര്‍ദേശമുണ്ട്.
യു എ ഇയില്‍ പഴം പച്ചക്കറി കമ്പോളങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നു. ഓരോ ഉല്‍പന്നത്തിനു മുകളിലും ഇംഗ്ലീഷിലും അറബിയിലും തൂക്കം, വില എന്നിവ സംബന്ധിച്ച് ലേബല്‍ ഒട്ടിക്കേണ്ടത് നിര്‍ബന്ധമാണെന്ന് പരിശോധകര്‍ അറിയിച്ചു. ബജറ്റ് അനുസരിച്ച് ജീവിക്കുന്ന സാധാരണക്കാര്‍ക്ക്/ഉപഭോക്താവിന് ഇത് വലിയ ആശ്വാസമാണ്. ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കേണ്ടിവരില്ല.