പൊതുസ്ഥലത്ത് പ്ലാസ്റ്റിക്-റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

Posted on: June 10, 2016 6:20 pm | Last updated: June 11, 2016 at 12:26 am

plasticകൊച്ചി: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്-റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇവ കത്തിക്കുന്നത് മൂലമുണ്ടാവുന്ന മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പോലീസിന് കേസെടുക്കാമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനും അനുശിവരാമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്ലാസ്റ്റിക്-റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം വലിയ തോതില്‍ മലിനീകരണമുണ്ടാകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അക്കാര്യത്തില്‍ പ്രത്യേക വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.