ടെല്‍ അവീവ് ആക്രമണത്തില്‍ നാല് മരണം; അവസരം മുതലെടുത്ത് ഇസ്‌റാഈല്‍

Posted on: June 10, 2016 5:54 am | Last updated: June 10, 2016 at 12:57 am

160609092922-tel-aviv-shooting-exlarge-169ടെല്‍ അവീവ്: ടെല്‍ അവീവിലെ നിശാ കേന്ദ്രത്തില്‍ രണ്ട് ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു. കറുത്ത സ്യൂട്ടും ടൈയും ധരിച്ച രണ്ട് പേര്‍ ശാന്തരായി കഫേയിലേക്ക് കടന്നു വന്ന് വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിശാ ക്ലബ്ബില്‍ പതിവുകാരായ നിരവധി പേര്‍ തിങ്ങി നിറഞ്ഞിടത്തേക്കായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ചിതറിയോടിയ യുവാക്കളും യുവതികളും തട്ടിത്തെറിച്ച് വീണു. ചിലര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവ സ്ഥലം സന്ദര്‍ശിച്ചു. പുതുതായി സര്‍ക്കാറില്‍ ചേര്‍ന്ന തീവ്രവലതുപക്ഷ നേതാവ് അവിഗ്‌ദോര്‍ ലീബര്‍മാനും ഒപ്പമുണ്ടായിരുന്നു.
സരോണ മാര്‍ക്കറ്റില്‍ ബാറുകളും റസ്റ്റോറന്റുകളും നിറഞ്ഞ നിശാ കേന്ദ്രം ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിനും പ്രധാന സൈനിക ആസ്ഥാനത്തിനും അടുത്താണ് സ്ഥിതി ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് ഇസ്‌റാഈല്‍ കാണുന്നത്. അതിനിടെ അക്രമികള്‍ ഫലസ്തീന്‍ പൗരന്‍മാരാണെന്നും ഓര്‍തഡോക്‌സ് ജൂതന്‍മാരുടെ വേഷം ധരിച്ചെത്തുകയായിരുന്നുവെന്നും വ്യക്തമാക്കി ഇസ്‌റാഈല്‍ പ്രതിരോധ വൃത്തങ്ങള്‍ രംഗത്തെത്തി. ഖാലിദ് മുഹമ്മദ് മഖര്‍റമ (22), ഖാലിദിന്റെ ബന്ധു മുഹമ്മദ് അഹ്മദ് മുറര്‍റമ(21) എന്നിവരാണ് ആക്രമണം നടത്തിയതെന്നും പോലീസ് പറയുന്നു. ഇതില്‍ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ രണ്ട് പേരും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണ്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന യാട്ട പട്ടണത്തില്‍ ഇസ്‌റാഈല്‍ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള മുഴുവന്‍ റോഡുകളും അടച്ചിരിക്കുകയാണ്.
അതിനിടെ, ടെല്‍ അവീവ് സംഭവത്തില്‍ നിന്ന് ഇസ്‌റാഈല്‍ മുതലെടുപ്പ് തുടങ്ങി. റമസാനില്‍ ഇസ്‌റാഈല്‍ ഭാഗത്ത് വന്ന് സാധനങ്ങള്‍ വാങ്ങുവാനും ബന്ധുക്കളെ കാണുവാനും ഫലസ്തിന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കുന്നതായി ഇസ്‌റാഈല്‍ പോലീസ് പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കള്‍ക്കായുള്ള മുഴുവന്‍ പാതകളും അടക്കാനാണ് നീക്കം. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് വെസ്റ്റ്ബാങ്ക്, ഗാസാ മേഖലകള്‍ എടുത്തെറിയപ്പെടുക. 83,000 ഫലസ്തീനികള്‍ക്ക് ഇസ്‌റാഈല്‍ ഭാഗത്തേക്കുള്ള പ്രവേശനാനുമതിയാണ് ആദ്യഘട്ടത്തില്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്‌റാഈല്‍ ഭാഗത്തുള്ള ബന്ധുക്കളെ കാണുന്നതിനും അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിനുമാണ് മിക്ക ഫലസ്തീനികളും ഈ അനുമതി ഉപയോഗിച്ചിരുന്നത്.
കടുത്ത അറബ്- ഫലസ്തീന്‍വിരുദ്ധ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ ലീബര്‍മാന്‍ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സംഭവമെന്ന നിലയില്‍ ടെല്‍ അവീവ് ആക്രമണത്തിനോട് ശക്തമായി പ്രതികരിക്കാനാണ് ഇസ്‌റാഈലിന്റെ തീരുമാനം.