ആണവ വിതരണ കൂട്ടായ്മയില്‍ അംഗത്വത്തിന് യു എസ് പിന്തുണ

Posted on: June 8, 2016 8:35 am | Last updated: June 8, 2016 at 2:22 pm

modi-obamaവാഷിംഗ്ടണ്‍: ആണവ വിതരണ കൂട്ടായ്മയിലെ (എന്‍ എസ് ജി) അംഗത്വത്തിന് ഇന്ത്യക്ക് യു എസ് പിന്തുണ. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമില്‍ (എം ടി സി ആര്‍) ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെയും അമേരിക്ക പിന്തുണക്കുമെന്നറിയിച്ചിട്ടുണ്ട്. എം ടി സി ആറിലെ അംഗരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രവേശത്തില്‍ അനുകൂലിക്കാനോ എതിര്‍ക്കാനോ സമയം അനുവദിച്ചിരുന്നു. അനുവദിക്കപ്പെട്ട സമയം തിങ്കളാഴ്ചയോടെ കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് ഈ സമിതിയിലും അംഗത്വം ലഭിക്കുമെന്ന് ഉറപ്പായിരിക്കയാണ്.
രണ്ട് സുഹൃദ് രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും നേതൃപരമായ പങ്കുവഹിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ ഒരു യുവ രാജ്യമാണ്. ഇന്ത്യയുടെ കരുത്തിനെപ്പറ്റി അമേരിക്കക്ക് നല്ല ബോധ്യമുണ്ട്. അത് ലോക ക്ഷേമത്തിനായി പ്രയോജനപ്പെടുത്താന്‍ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ദക്ഷിണേഷ്യന്‍ സുരക്ഷാ പ്രശ്‌നം, സൈബര്‍ സുരക്ഷ, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പാരീസ് കരാര്‍ നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
അതേസമയം, ഇന്ത്യയും യുഎസും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശത്തെ പിന്തുണച്ച ഒബാമയോട് അദ്ദേഹം നന്ദി അറിയിച്ചു. വൈറ്റ് ഹൗസില്‍ ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച സൗഹൃദമാണ് നിലനില്‍ക്കുന്നതെന്ന് കൂടിക്കാഴ്ചക്കു ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഒബാമ പറഞ്ഞു.
ആണവ വിതരണ സംഘത്തില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ ആണവ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.ലോക സുരക്ഷക്കും സമാധാനത്തിനും ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണു സൂചന.